ഇനി പോവുന്നത് 'എമ്പുരാൻ' എന്ന സിനിമയിലേക്കാണ്, അപ്പോഴും 'മലൈകോട്ടൈ വാലിബൻ' എന്ന ആൾ ഇവിടെ ഉണ്ടാകും: മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘മലൈകോട്ടൈ വാലിബൻ’ റിലീസിനൊരുങ്ങുകയാണ്. ജനുവരി 25ന് ചിത്രം വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.

ഇപ്പോഴിതാ വാനപ്രസ്ഥവും സാദയവും പോലുള്ള സിനിമകളിൽ നിന്ന് ലഭിച്ചതുപോലെയുള്ള ആർറ്റിസ്റ്റിക് പ്ലഷർ വാലിബനിൽ നിന്നും ലഭിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മോഹൻലാൽ.

“ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നിന്ന് നമുക്കത് എല്ലാ സിനിമകളിൽ നിന്നും ലഭിക്കും. എന്നാൽ അതിൻ്റെ തോത് കൂടിയും കുറഞ്ഞുമിരിക്കും എന്നുള്ളതാണ് കാര്യം. ഒരു സിനിമ കഴിഞ്ഞാൽ പിന്നെ അതിൻ്റെ കാര്യങ്ങൾ നമ്മൾ മറന്ന് പോകും. എന്നെ സംബന്ധിച്ച് അങ്ങനെയാണ്.

പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് കൊണ്ടാണ് ഈ ഉത്തരം പറയുന്നത്. അല്ലെങ്കിൽ ഇതിനെ കുറിച്ച് ആലോചിക്കാറില്ല. പണ്ട് ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഒന്നും തന്നെയില്ലല്ലോ.

പുതിയ കാലഘട്ടത്തിലാണല്ലോ ഇതൊക്കെ ഉണ്ടായത്. തീർച്ചയായും ഒരു സിനിമ കാണുമ്പോൾ പ്രത്യേകമായ ഒരു പ്ലഷർ ഉണ്ടാകും. ആ സിനിമ കാണുമ്പോഴാണ് അത് ഉണ്ടാകുന്നത്. സിനിമ വിജയിക്കുമ്പോഴും സന്തോഷം തോന്നും. എന്നാൽ ആ സന്തോഷം എപ്പോഴും ക്യാരി ചെയ്ത് കൊണ്ടുനടക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മൾ അടുത്ത സിനിമയിലേക്ക് പോകും.

Read more

ഞാൻ ഇപ്പോൾ രണ്ട് ദിവസം കഴിഞ്ഞാൽ പോകുന്നത് എമ്പുരാൻ എന്ന സിനിമയിലേക്കാണ്. യു.കെയിലാണ് അതിൻ്റെ ഷൂട്ട് നടക്കുന്നത്. ഇനി അതിലേക്ക് ശ്രദ്ധിക്കും. അപ്പോഴും മലൈക്കോട്ടൈ വാലിബൻ എന്ന ആൾ ഇവിടെ ഉണ്ടാകും.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.