അടുത്ത ചിത്രം റോഡ് മൂവി, പരുക്കന്‍ കഥാപാത്രമായി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ സമാനതകളില്ലാത്ത ചിത്രമാണ് സ്ഥടികം. ഭദ്രന്റെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രവും അതിലെ ശക്തമായ മോഹന്‍ലാല്‍ കഥാപാത്രവും മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. വീണ്ടും മോഹന്‍ലാലും ഭദ്രനും ഒരുമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നത് സ്ഫടികവും ഒളിമ്പ്യന്‍ അന്തോണി ആദവും  മറ്റൊരു ചിത്രമാണ്. ഇപ്പോഴിതാ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ഭദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു.

ചിത്രം ഒരു റോഡ് മൂവിയായിരിക്കുമെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന “സിനിമയില്‍ വ്യത്യസ്തമായ ഭാഷകള്‍ സംസാരിയ്ക്കുന്ന കഥാപാത്രമായിരിക്കും മോഹന്‍ലാലിന്റേത്. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളില്‍ പ്രാവീണ്യമുള്ള ഒരാള്‍. സഞ്ചരിയ്ക്കുന്ന പ്രദേശങ്ങള്‍ക്കനുസരിച്ച് അവിടെയുള്ള ഭാഷയാണ് അയാള്‍ സംസാരിയ്ക്കുക. ഭദ്രന്‍ പറഞ്ഞു.

സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ ശക്തമായ ഒരു ലാല്‍ കഥാപാത്രത്തെ തന്നെ പ്രേക്ഷകര്‍ക്ക് ഈ സിനിമയിലും പ്രതീക്ഷിക്കാം. മൃദുലമായ ഹൃദയമുള്ള ആ കഥാപാത്രം അതോടൊപ്പം തന്നെ പരുക്കന്‍ സ്വഭാവക്കാരനുമാണ്,. കേരളത്തിനു പുറത്താണ് ഈ സിനിമയിലെ കഥ നടക്കുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രം കേരളത്തില്‍ നിന്നു പുറപ്പെട്ടു കഴിയുമ്പോഴാണ് സിനിമയിലെ കഥ ആരംഭിക്കുന്നത്. കൂടുതല്‍ ഭാഗങ്ങളും കേരളത്തിനു പുറത്തുവച്ച് തന്നെയാണ് ചിത്രീകരിയ്ക്കാനുദ്ദേശിക്കുന്നത്. സംവിധായകന്‍ വെളിപ്പെടുത്തി. അതേസമയം മോഹന്‍ലാല്‍ അഭിനയിച്ച വളരെ കുറച്ച് റോഡ് മൂവികളില്‍ ഒന്നാണ് ഈ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.