നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്ന ഒരാളായിരുന്നു ബാലേട്ടനും: മോഹന്‍ലാല്‍

അന്തരിച്ച നടനും തിരക്കഥാകൃത്തുമായി പി. ബാലചന്ദ്രനെ അനുസ്മരിച്ച് മോഹന്‍ലാല്‍. അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പില്‍ നിന്ന് ഒഴുകിവന്നത്. ഒരു സഹോദരനെയും, ഗുരുവിനേയും വഴികാട്ടിയേയുമാണ് നഷ്ടമായത്. ചേട്ടച്ഛനെയും അങ്കിള്‍ ബണ്ണിനെയും പോലെ നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്ന ഒരാളായിരുന്നു ബാലേട്ടനും എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ കുറിപ്പ്:

ഔപചാരിതകള്‍ക്കപ്പുറത്തായിരുന്നു ബാലേട്ടന്‍. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍… അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പില്‍ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്.

വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം..

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രത്തിന്റെ സെറ്റില്‍ ബാലചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് സിനിമകളില്‍ ഒന്നായ ഉള്ളടക്കത്തിന്റെ തിരക്കഥാകൃത്ത് പി. ബാലചന്ദ്രന്‍ ആണ്.

മോഹന്‍ലാലിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ഡോ. സണ്ണി ജോസഫ് എന്ന കഥാപാത്രം പി ബാലചന്ദ്രന്റെ എഴുത്തിലാണ് ജനിച്ചത്. അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍, മാനസം, പുനരധിവാസം , പോലീസ്, കമ്മട്ടിപാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കും ബാലചന്ദ്രന്‍ തിരക്കഥയും സംഭാഷണവുമെഴുതി.