'ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും': ദുഃഖം വാക്കുകളില്‍ ഒതുക്കാനാവുന്നില്ലെന്ന് മോഹന്‍ലാല്‍

വികാരഭരിതമായ വാക്കുകളില്‍ ഇന്നസെന്റിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി തന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല.

പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും…

Read more

ഞായറാഴ്ച രാത്രി 10.30ഓടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നസെന്റ് അന്തരിച്ചത്. സിനിമാ അഭിനയത്തിന് പുറമെ നിര്‍മ്മാതാവും മുന്‍ ലോക്‌സഭാ അംഗമായിരുന്നു . മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ പ്രസിഡന്റായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.