ഇന്ത്യന്‍ സിനിമയുടെ കുലപതീ..അങ്ങ് എക്കാലവും ഓര്‍മ്മിക്കപ്പെടും: മോഹന്‍ലാല്‍

നടന്‍ ദിലീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനവുമായി മോഹന്‍ലാല്‍. ദിലീപ് കുമാര്‍ ഇന്ത്യന്‍ സിനിമയുടെ കുലപതിയായിരുന്നു എന്നാണ് അനുശോചന സന്ദേശത്തില്‍ മോഹന്‍ലാല്‍ എഴുതിയത്.

“ഇന്ത്യന്‍ സിനിമയുടെ കുലപതിയായിരുന്നു ദിലീപ് കുമാര്‍ ജി. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നു. ” മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബുധനാഴ്ച രാവിലെയാണ് ദിലീപ് കുമാര്‍ അന്തരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി മുംബൈയിലെ പി.ഡി. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 98 വയസായിരുന്നു.

ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.