'വര്‍ത്തമാനകാല സമൂഹത്തിന്റെ ഏറ്റവും കടുത്ത വെല്ലുവിളിക്കുള്ള ഒരു മറുപടി'

നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി വിധു വിന്‍സെന്റ് ഒരുക്കിയ സ്റ്റാന്‍ഡ് അപ്പിനെ പ്രശംസിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വര്‍ത്തമാനകാല സമൂഹത്തിന്റെ ഏറ്റവും കടുത്ത വെല്ലുവിളിക്കുള്ള ഒരു മറുപടിയാണ് ചിത്രമെന്ന് ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ സഹായിച്ച ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനും അന്തസുറ്റ രീതിയില്‍ ക്യാമറ ഉപയോഗിച്ച ടോമിന്‍ തോമസുമെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ശൈലജ തന്റെ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം….

വിധു വിന്‍സന്റിന്റെ പുതിയ സിനിമ “സ്റ്റാന്‍ഡ് അപ്പ്” വര്‍ത്തമാനകാല സമൂഹത്തിന്റെ ഏറ്റവും കടുത്ത വെല്ലുവിളിക്കുള്ള ഒരു മറുപടിയാണ്. അസമത്വവും ആധിപത്യ മനോഭാവവും നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ സ്വാഭാവികമായ പരിണിതഫലമാണ് വ്യക്തിത്വ ഹത്യയും കീഴ്പ്പെടുത്തലുകളും. ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിരൂപം ഇതുതന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സാമ്പത്തികവും മതപരവും ലിംഗപരവുമായ മേധാവിത്വ മനോഭാവം മനുഷ്യ സംസ്‌കാരത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഹീനമായ നടപടികളില്‍ ഏറ്റവും കടുത്തത് ലിംഗപരമായ കീഴ്പ്പെടുത്തലുകളാണ് എന്ന് നിസംശയം പറയാം, പ്രത്യേകിച്ച് ബലാത്സംഗം. ഒരു മനുഷ്യന്റെ ശരീരത്തിനേയും മനസിനേയും ഒരുമിച്ച് പിച്ചിച്ചീന്തുന്ന അതിക്രൂരമായൊരു അവസ്ഥയാണിത്. സംസ്‌കാര സമ്പന്നമായൊരു മനുഷ്യ സമൂഹം ചെറുത്തു തോല്‍പ്പിക്കേണ്ടുന്ന ഏറ്റവും കടുത്ത വിപത്ത്. നമ്മുടെ രാജ്യത്ത് കുട്ടികളുടേയും സ്ത്രീകളുടേയും നേരെ നടക്കുന്ന ഈ ക്രൂരവിനോദം നിത്യസംഭവമായി മാറുകയാണ്. ആക്രമിക്കപ്പെടുന്ന മനുഷ്യര്‍ ഇരകളായി വ്യാഖ്യാനിക്കപ്പെടുകയും അപമാന ഭാരത്തോടെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ വിധിക്കപ്പെടുകയും ചെയ്യുന്ന സങ്കടകരമായ കാഴ്ചയാണ് ചുറ്റിലും. അവര്‍ക്ക് രൂപമോ നാമമോ വ്യക്തിത്വമോ ഇല്ലാതാകുന്നു. സമൂഹത്തില്‍ ഒരു ഇടം ഇല്ലാതാകുന്നു. സൂര്യനെല്ലി പെണ്‍കുട്ടി, വിതുര പെണ്‍കുട്ടി, നിര്‍ഭയ പെണ്‍കുട്ടി തുടങ്ങിയ വിളിപ്പേരുകളില്‍ മറഞ്ഞിരിക്കാന്‍ സമൂഹം വിധികല്‍പ്പിക്കുന്നവരായി മാറുന്നു. അവരുടെ വ്യക്തിത്വത്തിന്മേല്‍ കടന്നാക്രമണം നടത്തിയ കൊടും കുറ്റവാളികള്‍ക്ക് പേരും നാളും ജീവിതവും നഷ്ടപ്പെടുന്നില്ല. ഇതാണ് തിരുത്തപ്പെടേണ്ടുന്ന വലിയ തെറ്റ്. ആക്രമിക്കപ്പെട്ടവര്‍ തലയുയര്‍ത്തി തിരിച്ചുവരികയും അക്രമികള്‍ ശിക്ഷിക്കപ്പെട്ട് മാറിനില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നാം പ്രതീക്ഷിക്കുന്നത്.

പലപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികള്‍ കേസന്വേഷണ വേളകളിലും ശാരീരിക പരിശോധനകളുടെ സമയത്തും കോടതിയില്‍ വിചാരണ സമയത്തും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നത് ഹൃദയഭേദകമായ വസ്തുതയാണ്. അതിന്റെ ചില സൂചനകള്‍ ചില പോലീസുകാരുടേയും ആശുപത്രി ജീവനക്കാരുടേയും കുടംബാംഗങ്ങളുടേയുമെല്ലാം പെരുമാറ്റ രീതികളിലൂടെ വിധു ഈ ചിത്രത്തില്‍ പകര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും അണച്ചു കളയുന്ന ഒരു സിനിമയല്ലിത്. ഒരു ചെറു സാന്ത്വനം, നിവര്‍ന്ന് നില്‍ക്കാനുള്ള ഒരു പിന്തുണ, കാര്യക്ഷമതയുള്ള അന്വേഷണ സാധ്യതകള്‍ എന്നിവ നല്‍കുന്ന ഊര്‍ജം എത്രമാത്രം ഫലപ്രദമാണെന്നും ഈ സിനിമ സൂചിപ്പിക്കുന്നു. കൂട്ടുകാരി നല്‍കുന്ന ശക്തമായ പിന്തുണയും മുത്തശ്ശിയുടെ തലനിവര്‍ത്തി നില്‍ക്കാനുള്ള ആഹ്വാനവും ഡോക്ടര്‍ നല്‍കുന്ന ഒരു സ്നേഹ ചുംബനവും ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്. കേരളത്തിലെ വനിത ശിശുവികസന വകുപ്പ് ആഹ്വാനം ചെയ്യുന്നത് ഈ മാറ്റത്തിനാണ്. “സധൈര്യം മുന്നോട്ട്” എന്ന ആഹ്വാനത്തിലൂടെ രക്ഷിതാക്കളേയും കുട്ടികളേയും സമൂഹത്തേയും സാംസ്‌കാരിക അധ:പതനത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസ് സ്റ്റേഷനിലേയും ആശുപത്രിയിലേയും ഇടപെടലുകള്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു. കുടുംബാംഗങ്ങളുടേയും സമൂഹത്തിന്റേയും മനോഭാവത്തില്‍ മാറ്റമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഇടപെടലും നടത്തുന്നുണ്ട്. അത്തരം ഇടപെടലുകള്‍ക്ക് കരുത്തു പകരുന്ന ഒന്നാണ് “സ്റ്റാന്‍ഡ് അപ്പ്”. അവഗണനയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നു വന്ന രഹനാസിനെ പോലെയുള്ള കുട്ടികളുടെ അനുഭവം നേരത്തെ തന്നെ നമ്മുടെ മുന്നിലുണ്ട്. ഈ സിനിമയിലെ ദിയ എന്ന കഥാപാത്രവും അത്തരത്തിലൊന്നാണ്. ശരീരവും മനസും പിച്ചിച്ചീന്തപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ വേദനയും ആത്മ സംഘര്‍ഷങ്ങളും അതിതീവ്രതയോടെ പകര്‍ത്തിക്കാട്ടാന്‍ രജിഷ വിജയനെന്ന അഭിനേതാവിന് കഴിഞ്ഞിട്ടുണ്ട്.

അരുകില്‍ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ മുത്തമിട്ടാശ്വസിപ്പിക്കാന്‍ ഓരോ മനുഷ്യ സ്നേഹിക്കും തോന്നുന്ന മുഹൂര്‍ത്തത്തില്‍ തന്നെയാണ് സിനിമയുടെ സംവിധായികയും തിരക്കഥാകൃത്തും അത്തരമൊരു മുഹൂര്‍ത്തം സൃഷ്ടിച്ചെടുത്തത്. കുറ്റകൃത്യങ്ങളോടുള്ള അമര്‍ഷത്തില്‍ കനംവെച്ച മനസ് പകര്‍ത്തിക്കാട്ടാന്‍ നിമിഷ സജയനും കഴിഞ്ഞു. സയനോരയുടെ ഗാംഭീര്യമുള്ള ശബ്ദം കൂടുതല്‍ ശക്തി പകര്‍ന്നു. പൊതുവില്‍ ഉത്കണ്ഠയോടുകൂടി ഒരുനിമിഷവും പാഴായി പോകാതെ കണ്ടിരിക്കാന്‍ തോന്നുന്നവിധം ഈ സിനിമയെ ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് വിധു വിന്‍സന്റ് എന്ന സംവിധായികയുടെ ഔന്നിത്യം. ഇങ്ങനെയൊരു സിനിമ നിര്‍മ്മിക്കാന്‍ സഹായിച്ച ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനും അന്തസുറ്റ രീതിയില്‍ ക്യാമറ ഉപയോഗിച്ച ടോമിന്‍ തോമസുമെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് കൊട്ടിഘോഷിക്കപ്പെട്ട ഒരു വലിയ സിനിമയായിരിക്കില്ല. എങ്കിലും കേരളത്തിലെ കുടുംബങ്ങള്‍ ഒരുമിച്ചിരുന്ന് ഈ സിനിമ കാണുന്നത് വളരെ ഉപകാരപ്രദമായിരിക്കും. രവീന്ദ്രനാഥ ടാഗോര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ച് കണ്ട സ്വപ്നം ഓര്‍മ്മിക്കുക. “എവിടെ മനസ് നിര്‍ഭയവും ശിരസ് ഉന്നതവുമായിരിക്കുന്നുവോ എവിടെ ഇടുങ്ങിയ ചിന്തകളുടെ വേലിക്കെട്ടുകള്‍ നമ്മെ പരസ്പരം വേര്‍തിരിക്കാതിരിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വപ്നത്തിലേക്ക് ദൈവമേ എന്റെ രാജ്യത്തെ ഉയര്‍ത്തേണമേ” എന്നതാണത്. നമുക്ക് ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം സൃഷ്ടിച്ചെടുക്കണം. പെണ്‍കുട്ടികള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് നിര്‍ഭയമായി ഈ സമൂഹത്തിന്റെ ഇടനാഴികകളിലൂടെ അന്തസോടെ കടന്നു പോകാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ജീവിതത്തിലേക്ക് ആഹ്ലാദത്തോടെ വളര്‍ന്നുവരാന്‍ കഴിയുന്ന സ്വാതന്ത്യത്തിന്റെ സ്വര്‍ഗം. അതിനുവേണ്ടി ഒരുമിച്ച് ചേരാന്‍ പ്രേരിപ്പിക്കുന്ന ഈ സിനിമ എല്ലാവരും കാണുക. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.