ത്രില്ലർ എഴുതുമ്പോൾ ആദ്യം എനിക്ക് വേണ്ടത് വില്ലൻ ആണ്, എന്നാൽ 'ടർബോ' അതല്ല; വെളിപ്പെടുത്തി മിഥുൻ മാനുവൽ തോമസ്

മലയാളത്തിൽ നല്ലൊരു ത്രില്ലർ സിനിമ കാണണമെങ്കിൽ മിഥുൻ മാനുവൽ തോമസ് എഴുതണം എന്ന കമന്റ് വളരെ ശ്രദ്ധേയമായ ഒന്നാണ്. അഞ്ചാം പാതിര എന്ന ഒരൊറ്റ സിനിമ മതി മിഥുൻ മാനുവൽ തോമസിന്റെ കഴിവ് മനസിലാക്കാൻ. മലയാളത്തിൽ അതുവരെ കണ്ടുശീലിച്ച ത്രില്ലർ സിനിമകളിൽ നിന്നും വ്യത്യസ്തമായി അഞ്ചാം പാതിര വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോഴിതാ വീണ്ടും സിനിമകളുമായി തിരിച്ചുവന്നിരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. അരുൺ വർമ്മ സംവിധാനം ചെയ്ത ‘ഗരുഡൻ’, വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന സിനിമയുടെയും തിരക്കഥ രചിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

ഇപ്പോഴിതാ ത്രില്ലർ സിനിമകളെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട ത്രില്ലർ വർക്കുകളെ കുറിച്ചും വരാനിരിക്കുന്ന സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.

“ദി യൂഷ്വൽ സസ്പക്റ്റ്സ്, ദി ഫൈറ്റ് ക്ലബ്ബ്, ജോൺ ഗ്രിഷാമിന്റെ പുസ്തകങ്ങൾ, ടോണി സ്കോട്ടിന്റെ സിനിമകൾ അങ്ങനെ ത്രില്ലർ ഴോണറിൽ വർക്കായിരിക്കുന്ന എല്ലാം എനിക്ക് ഇഷ്ടമാണ്. ടർബോ ത്രില്ലർ അല്ല. ആക്ഷൻ കോമഡിയാണ്. എഡിറ്റർ ഷമീർ മുഹമ്മദ് വഴിയാണ് ടർബോയിലേക്ക് എത്തുന്നത്. വൈശാഖ് ഏട്ടനുമായി ഷമീർ ആണ് വരുന്നത്. ആദ്യം പറഞ്ഞ ഒന്ന് രണ്ട് കഥകൾ വൈശാഖ് ഏട്ടന് വർക്ക് ആയില്ല. അങ്ങനെയാണ് പണ്ട് എന്റെ കയ്യിലുണ്ടായിരുന്ന ഒരു കഥ വൈശാഖ് ഏട്ടനോട് ഫോണിലൂടെ പറയുന്നത്. അങ്ങനെയാണ് അത് മമ്മൂക്കയിലേക്ക് എത്തുന്നത്.

ത്രില്ലർ ഴോണറിന്റെ എല്ലാ വകഭേദങ്ങളും മലയാളത്തിൽ പരീക്ഷിക്കാൻ താത്പര്യമുണ്ട്. കോമഡിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് ഞാൻ. ത്രില്ലറിൽ ഒന്ന് രണ്ടെണ്ണം കൂടി വരാനുണ്ട്. അതിലൊന്ന് വെബ് സീരീസ് ആണ്. അത് കഴിഞ്ഞാൽ വീണ്ടും കോമഡിയിലേക്ക് തിരിച്ചുവരണം.

ത്രില്ലർ എഴുതുമ്പോൾ ആദ്യം എനിക്ക് വേണ്ടത് ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള ഒരു വില്ലൻ വേണം. ജസ്റ്റിഫിക്കേഷൻ ഇല്ലെങ്കിലും വില്ലൻ വേണം. ത്രില്ലർ ഡയറക്ട് ചെയ്യുമ്പോൾ ആദ്യം വേണ്ടത് നല്ലൊരു ഡി. ഒ. പിയാണ് പിന്നെ നല്ലൊരു മ്യൂസിക് ഡയറക്ടറും എഡിറ്ററും.

ലക്ഷ്യബോധത്തോട് കൂടി പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ‘ആട്’ പരാജയപ്പെട്ടപ്പോൾ ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെയാണ് അത് നികത്തിയത്. ഫീനിക്സ് ശരിക്കും നടന്ന ഒരു സംഭവത്തിൽ നിന്നും ചെയ്തതാണ്.”  ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മാനുവൽ തോമസ് തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിച്ചത്.