ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് വരെ പറഞ്ഞിരുന്നു, അവര്‍ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്; 'മേപ്പടിയാന്‍' സംവിധായകന്‍ വിഷ്ണു മോഹന്‍

‘മേപ്പടിയാന്‍’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമാണ് വിഷ്ണു മോഹന്‍ മേപ്പടിയാന്‍ ചിത്രത്തിലൂടെ നേടിയത്.

”മേപ്പടിയാന്‍ എന്ന സിനിമയെ മോശമെന്ന് ചിത്രീകരിക്കാന്‍ വലിയ രീതിയില്‍ ശ്രമം നടന്നു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം അടക്കം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അതുമായി ബന്ധപ്പെട്ട് കേട്ടു. എന്റെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് സത്യം അറിയാം. ഡീഗ്രേഡിങ് വല്ലാതെ വേദനിപ്പിച്ചിരുന്നു” എന്നാണ് സംവിധായകന്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 14ന് ആണ് മേപ്പടിയാന്‍ റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം താരം തന്നെയാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത് അടക്കം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ കോവിഡ് കാലത്ത് ആംബുലന്‍സുകള്‍ കിട്ടാതിരുന്നപ്പോള്‍ സേവാഭാരതി വണ്ടി തരികയായിരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. ഒരു രാഷ്ട്രീയ അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീര്‍ക്കാന്‍ കോടികള്‍ തന്റെ കയ്യിലില്ല എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

Read more

അങ്ങനെ ചിന്തിക്കാറുമില്ല. തന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കില്‍ ഒരു രൂപ ചിലവില്ലാതെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും. അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല താന്‍ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.