വീഡിയോ ആരോ എഡിറ്റ് ചെയ്തത്; തൃഷയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി മൻസൂർ അലി ഖാൻ

തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി മൻസൂർ അലി ഖാൻ. താൻ പറഞ്ഞത് തമാശ രൂപത്തിൽ ആയിരുന്നെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചതാണെന്നും മൻസൂർ അലി ഖാൻ പറയുന്നു. എന്നാൽ തന്റെ പരാമർശത്തിൽ മാപ്പ് പറയാനോ തെറ്റ് തിരുത്താനോ മൻസൂർ അലി ഖാൻ തയ്യാറായില്ല.

“ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം.

തന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു. ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി ഞാൻ പറഞ്ഞതാണ്.” എന്നാണ് മൻസൂർ അലി ഖാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.

മൻസൂർ അലി ഖാൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ് എന്നായിരുന്നു തൃഷ പറഞ്ഞത്. കൂടാതെ സംവിധായകൻ ലോകേഷ് കനകരാജും നടി മാളവിക മോഹനനും ഹരിശ്രീ അശോകനും മൻസൂർ അലി ഖാനെതിരെ രംഗത്തുവന്നിരുന്നു.

Read more

“മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗികഹ, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്” എന്നാണ് തൃഷ സംഭവത്തിൽ പ്രതികരിച്ചത്.