തൃഷയ്ക്ക് പിന്തുണ; മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജ്

തെന്നിന്ത്യൻ താരം തൃഷയ്ക്ക് എതിരെ നടൻ മൻസൂർ അലി ഖാൻ നടത്തിയ ലൈംഗികാധിക്ഷേപവും സ്ത്രീ വിരുദ്ധവുമായ പരാമർശത്തിൽ തൃഷയ്ക്ക് പിന്തുണയുമായി ലോകേഷ് കനകരാജ്.

“ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ അപലപിക്കുന്നു” എന്നായിരുന്നു എക്സിൽ ലോകേഷ് കനകരാജ് കുറിച്ചത്.

വിജയ് നായകനായെത്തിയ ‘ലിയോ’യു മായി ബന്ധപ്പെട്ടായിരുന്നു മൻസൂർ അലി ഖാൻ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയത്. നിരവധി വിമർശനങ്ങളാണ് മൻസൂർ അലി ഖാനെതിരെ വന്നുകൊണ്ടിരിക്കുന്നത്. പരാമർശം പിൻവലിച്ച് നടൻ മാപ്പ് പറയണമെന്നാണ് സോഷ്യൽ മീഡിയയിൽ ശക്തമായി ഉന്നയിക്കപ്പെടുന്ന കാര്യം.

Read more

“മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. ലൈംഗികഹ, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്” എന്ന് ശക്തമായി പ്രതികരിച്ചുകൊണ്ടാണ് തൃഷ മൻസൂർ അലി ഖാനെതിരെ രംഗത്തുവന്നത്.