മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കോ? നിലപാട് വ്യക്തമാക്കി താരം

കഴിഞ്ഞ ദിവസം ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ മഞ്ജു വാര്യര്‍ തിരുവനന്തപുരത്തേക്ക് എത്തിയതിന് പിന്നാലെയാണ് മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇതിന് മറുപടി എന്നോണമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തന്റെ സംതൃപ്തിക്ക് വേണ്ടിയാണെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. സൂര്യാ ഫെസ്റ്റിവലിലെ വനിതാ പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

“ഞാന്‍ ചെയ്യുന്നത് വലിയകാര്യമാണെന്ന് ഒന്നും ചിന്തിക്കുന്നില്ല. ഒരുപാട് പേര്‍ എന്നെക്കാള്‍ നന്നായി, വളരെ നിശബ്ദമായി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നെ ആളുകള്‍ക്ക് അറിയാവുന്നതായതുകൊണ്ട് ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും വലിയ രീതിയില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നത്. ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്തമാണ്. എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഞാന്‍ ഓഖി ദുരന്ത ബാധിതരെ കാണാന്‍ പോയത്” മഞ്ജു വാര്യര്‍ വ്യക്തമാക്കി.

“ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം തോന്നുന്നുണ്ട്. ഞാന്‍ അഭിപ്രായം പറയാറുണ്ട്. എന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. മുമ്പ് അങ്ങനെയായിരുന്നില്ല. കലോത്സവത്തിലെ വിജയി എന്ന നിലയിലാണ് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നത്. എനിക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് സംവിധായകരുടെ മിടുക്ക് കൊണ്ടാണ്. ലോഹിതദാസ് സാര്‍ അഭിനയത്തെ കുറിച്ച് പറഞ്ഞു തന്ന പാഠങ്ങള്‍ ഒരിക്കലും മറക്കില്ല.” മഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെസ്റ്റിലെ ചോദ്യോത്തരവേളയില്‍ പാര്‍വതിയ്‌ക്കെതിരെ നടക്കുന്ന സോഷ്യല്‍മീഡിയ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ താരം തയ്യാറായില്ല. “അത് പറയാനുള്ള വേദിയല്ല ഇത്. നൊ കമന്റസ് സോറി” എന്ന മറുപടിയായിരുന്നു വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനു മഞ്ജു നല്‍കിയ മറുപടി.

നേരത്തെയും മഞ്ജു വാര്യരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചില കിംവദന്തികള്‍ പരന്നിരുന്നു. മഞ്ജു ബിജെപിയുടെ രാജ്യസഭ എം പിആകും എന്നായിരുന്നു ആ വാര്‍ത്ത. അത് അന്നുതന്നെ മഞ്ജു വാര്യര്‍ നിഷേധിക്കുകയും ചെയ്തിരുന്നു