'സിനിമ മുഴുവന്‍ ആ പല്ല് ഉപയോഗിച്ചല്ലേ? എന്ന് ഋഷിരാജ് സിങ് സാര്‍ വിളിച്ചു ചോദിച്ചു'; മഞ്ജു പിള്ള പറയുന്നു

ഹോം ചിത്രത്തിനായി നടത്തിയ രൂപമാറ്റത്തെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പിള്ള. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് എത്തിയപ്പോള്‍ കുട്ടിയമ്മ എന്ന കഥാപാത്രമായാണ് മഞ്ജു പിള്ള വേഷമിട്ടത്. വെപ്പു പല്ല് വച്ച് ശരീരമാറ്റം വരുത്തിയതിനെ കുറിച്ചും, സിനിമ കണ്ടതിനെ ശേഷം ഋഷിരാജ് സിങ് വിളിച്ചതിനെ കുറിച്ചും മഞ്ജു മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒന്ന് തന്റെ കഥാപാത്രത്തിന് പ്രായം തോന്നിപ്പിക്കണം, രണ്ട് മഞ്ജു പിള്ള എന്ന വ്യക്തിയെ അവിടെ കാണുകയേ ചെയ്യരുത് എന്നതായിരുന്നു രൂപമാറ്റം വരുത്തിയതിന് പിന്നിലെ പ്രധാന കാരണങ്ങള്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടാണ് പല്ലു വച്ചതും ശരീരഭാഷയ്ക്ക് വ്യത്യസ്തത കൊടുത്തതുമെല്ലാം. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ റോജിനും മേക്കപ്പ് ആര്‍ടിസ്റ്റ് റോണക്‌സ് സേവ്യറിനുമാണ്.

ഒരു ഔട്ട്‌ലൈന്‍ റോജിന്‍ കൊടുത്തിരുന്നു. ഇന്ദ്രേട്ടന്റെ ലുക്കും ഇവര്‍ രണ്ടുപേര്‍ ചേര്‍ന്നു തന്നെയാണ് പ്ലാന്‍ ചെയ്തത്. ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് കോസ്റ്റ്യൂം ടെസ്റ്റിനു ചെന്നപ്പോഴാണ് പല്ലിന്റെ അളവ് എടുത്തു പോയത്. ഷൂട്ടിന്റെ തലേദിവസവമോ അതോ അന്നു രാവിലെയോ ആണ് പല്ലു കിട്ടുന്നത്. കൊണ്ടു വന്നപ്പോള്‍ അത് തനിക്ക് പാകമായിരുന്നില്ല. വച്ചപ്പോള്‍ വാ മുറിഞ്ഞു ചോര വന്നു.

പിന്നെ, അതു വീണ്ടും കൊണ്ടു പോയി ശരിയാക്കിക്കൊണ്ടു വരികയായിരുന്നു. അതിനു വേണ്ടി തന്റെ ഷൂട്ട് മാറ്റി വച്ചു. അതില്ലാതെ തന്റെ ഷൂട്ട് നടക്കുമായിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ആ പല്ല് എന്റെ ശരീരത്തിന്റെ ഭാഗം പോലെയായി. അത് ഊരിവയ്ക്കാന്‍ മറന്നു പോകും.

സിനിമ കണ്ട് ഋഷിരാജ് സിങ് വിളിച്ചിരുന്നു. അദ്ദേഹം ചോദിച്ചത്, നിങ്ങള്‍ ആ പല്ല് സിനിമയില്‍ ഉടനീളം ഉപയോഗിച്ചില്ലേ? തനിക്കത് കാണാന്‍ കഴിഞ്ഞില്ല, എന്നായിരുന്നു. ഞാന്‍ പറഞ്ഞു, സാറെ… കുറെ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ അങ്ങനെ കണ്ട് ശീലമായതാകും എന്ന്. സെറ്റില്‍ താനും അങ്ങനെയായിരുന്നു. പല്ലിന്റെ കാര്യം മറക്കും. ഭക്ഷണം കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു എന്നും മഞ്ജു പറഞ്ഞു.