അന്ന് ഞാൻ ചെറുതായൊന്ന് ദേഷ്യപ്പെട്ടപ്പോൾ ബ്ലെസി കരഞ്ഞുപോയി: മമ്മൂട്ടി

‘ആടുജീവിതം’ വലിയ സ്വീകാര്യത നേടികൊണ്ടിരിക്കുമ്പോൾ ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് സംവിധായകൻ ബ്ലെസ്സി തന്നെയാണ്. നീണ്ട പതിനാറ് വർഷത്തെ പ്രയത്നത്തിന്റെ ഫലം കൂടിയാണ് ആടുജീവിതത്തിന്റെ വിജയം.

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്.

സംവിധായകൻ  ബ്ലെസ്സിയുടെ ആദ്യ സിനിമ കൂടിയായിരുന്നു മമ്മൂട്ടി നായകനായി 2004 ൽ പുറത്തിറങ്ങിയ കാഴ്ച. 2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.

ഇപ്പോഴിതാ ബ്ലെസ്സിയെ കുറിച്ച് മമ്മൂട്ടി മുൻപൊരിക്കൽ പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്തെ പ്രധാന ചർച്ച. താൻ ആദ്യമായി ബ്ലെസ്സിയെ കാണുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ ലൊക്കേഷനിലാണെന്നും ആണ് ബ്ലെസ്സിയുടെ ഭാഗത്ത് നിന്നുമുണ്ടായ ചെറിയ പിഴവിന് താൻ ബ്ലെസിയെ വഴക്കുപറഞ്ഞെന്നും അത്കേട്ട് ബ്ലെസ്സി കരഞ്ഞെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.

ഞാൻ ആദ്യമായി ബ്ലെസിയെ കാണുന്നത് പദ്‌മരാജൻ്റെ നൊമ്പരത്തിപ്പൂവിന്റെ സെറ്റിൽ വെച്ചാണ്. അന്ന് ബ്ലെസി അസിസ്റ്റൻ്റായിരുന്നു. ഒരു ഷോട്ട് എടുക്കുന്നതിന് മുമ്പ് ബ്ലെസി ക്ലാപ് ബോർഡ് അടിച്ചപ്പോൾ അതിലെ ചോക്കുപൊടി എൻ്റെ കണ്ണിൽ പോയി, എനിക്ക് അഭിനയിക്കാൻ പറ്റാതെ വന്നു. ഞാൻ അന്ന് ചെറുതായി ദേഷ്യപ്പെട്ടപ്പോൾ ബ്ലെസി കരഞ്ഞുപോയി.

പിന്നീടും നിരവധി സിനിമകൾക്ക് അസിസ്റ്റൻ്റായ ശേഷം ബ്ലെസി എന്നോട് കഥ പറയാൻ വന്നു. കാഴ്‌ച എന്ന സിനിമയുടെ കഥ. ആ സമയത്ത് ശ്രീനിവാസനെക്കൊണ്ടോ ലോഹിതദാസിനെക്കൊണ്ടോ അതിന്റെ സ്ക്രിപ്റ്റ് എഴുതിക്കാനായിരുന്നു ഉദ്ദേശിച്ചത്.

വേറെയാരെയും നോക്കണ്ട, താൻ തന്നെ എഴുതി നോക്ക് എന്ന് ഞാൻ പറഞ്ഞതുകൊണ്ട് ബ്ലെസി ആ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി. പിന്നീടൊരിക്കൽ ബ്ലെസി എന്നോട് പറഞ്ഞത് അയാളുടെ മനസിലുണ്ടായിരുന്നത് ആദ്യത്തെ കഥയായ തന്മാത്രയായിരുന്നു എന്നാണ്. എൻ്റെ ഭാഗ്യം കൊണ്ടോ, കാഴ്ച എന്ന സിനിമയുടെ ഭാഗ്യം കൊണ്ടോ ബ്ലെസിയുടെ ആദ്യ സിനിമയിൽ അഭിനയിക്കാനുള്ള നിമിത്തം എന്നിലേക്ക് വന്നുചേർന്നു.” എന്നാണ് ഒരു പ്രോഗ്രാമിൽ വെച്ച് മമ്മൂട്ടി പറഞ്ഞത്.