അത് വ്യാജവാര്‍ത്ത, പിന്നില്‍ ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള നീക്കം; തുറന്നു പറഞ്ഞ് ബി ഉണ്ണിക്കൃഷ്ണന്‍

സിനിമകള്‍ക്കെതിരെ ആസൂത്രിതമായ സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍ നടക്കാറണ്ട്. ഇതിനെതിരെ സിനിമാരംഗത്തുള്ളവര്‍ പ്രതികരിക്കാറുമുണ്ട്. എന്നാല്‍ ഈയാഴ്ച മുതല് തിയറ്ററുകളില്‍ വന്ന് ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം നടന്നിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളടക്കം തിയറ്ററുകളിലെത്തുന്ന ആഴ്ച്ചയില്‍ തന്നെയാണ് ഈ പ്രചരണം ചൂടുപിടിച്ചത്. . എന്നാല്‍ ഇത് തികച്ചും വ്യാജമാണെന്നും താന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത ഉണ്ണികൃഷ്ണന്റെ ചിത്രം അടങ്ങിയതാണ്.

‘ഫെഫ്കയുള്‍പ്പെടെയുള്ള ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ക്രിസ്റ്റഫര്‍ ഇറങ്ങാന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. സിനിമയെ എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത മാത്രമാണ്’. തങ്ങളെ ‘സഹായിക്കുക’യാണ് ഈ പ്രചരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലാണ് എത്തുക. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ്. അമല പോളിനെ കൂടാതെ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.