മരുമകള്‍ പ്രതിഫലം എത്ര തന്നു? ; 'ഗോള്‍ഡ്' സിനിമയുടെ പ്രതിഫലത്തെ കുറിച്ച് മല്ലിക സുകുമാരന്‍

‘ഗോള്‍ഡ്’ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് പറഞ്ഞ് മല്ലിക സുകുമാരന്‍. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡില്‍ അമ്മയും മകനുമായാണ് പൃഥ്വിരാജും മല്ലികയും അഭിനയിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുപ്രിയയുമാണ് ചിത്രം നിര്‍മ്മിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായിട്ടാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്. ചോദിച്ചത് പോലെ പ്രതിഫലം കിട്ടിയോ, അതോ മാന്യമായ ശമ്പളം തരികയാണോ ചെയ്തത് എന്ന ചോദ്യത്തോടാണ് മല്ലിക ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

പ്രതിഫലത്തെ കുറിച്ച് താനൊന്നും പറഞ്ഞിരുന്നില്ല. അവരിങ്ങോട്ട് തരികയായിരുന്നു. സത്യം പറഞ്ഞാല്‍ ഭയങ്കരമായി ബിസിനസ് സംസാരിക്കാനൊന്നും തനിക്ക് അറിയത്തില്ല. പിന്നെ ഇതാണിപ്പോള്‍ നമ്മുടെ വരുമാനം. ഇതാണ് ചോറ്, ഇത്രയൊക്കെ എല്ലാവരും വാങ്ങിക്കുന്നതാണ്.

നിങ്ങളും സഹകരിക്കണമെന്ന് പറയുകയല്ലാതെ ആരോടും ഇതിന്റെ പേരില്‍ വാചകമടിക്കാനോ വഴക്കുണ്ടാക്കാനോ താന്‍ ശ്രമിക്കാറില്ല. പഴയ താരങ്ങള്‍ക്കൊന്നും അത് വശമില്ല. ഇപ്പോള്‍ അതുപോലെയല്ല കാര്യങ്ങള്‍. ഇന്നലെ വന്ന താരങ്ങള്‍ പോലും അത് സീരിയലില്‍ ആണെങ്കിലും വാങ്ങിക്കുന്നത് വലിയ തുകയാണ്.

താന്‍ എത്ര രൂപ വാങ്ങിക്കുന്നുണ്ടെന്ന് ലിസ്റ്റിന്‍ കൃത്യമായി അന്വേഷിച്ചിരുന്നു. അതിന് മുമ്പ് അഭിനയിച്ച പടത്തില്‍ നിന്നും ലഭിച്ചത് പോലെ കൃത്യമായി തന്നെ ലിസ്റ്റിന്‍ തനിക്ക് പ്രതിഫലം തന്നിരുന്നു എന്നാണ് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.