പേരറിവാളന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ന്യായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല; കാരണം തുറന്നുപറഞ്ഞ് മേജര്‍ രവി

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനത്തില്‍ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. പേരറിവാളന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് എല്‍ടിടിഇയുടെ വലിയ പോരാളികള്‍ ആയിരുന്നുവെന്നും
പത്തൊന്‍പത് വയസ് ആയ പ്രായപൂര്‍ത്തിയായ ഇയാള്‍, എന്തിനാണ് ബാറ്ററി കൊടുക്കുന്നത് എന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

മേജര്‍രവിയുടെ വാക്കുകള്‍

‘പേരറിവാളന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ന്യായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്തിനാണെന്ന് അറിയാതെയാണ് ബോംബ് ഉണ്ടാക്കുനുള്ള ബാറ്ററി കൊണ്ടുകൊടുത്തത് എന്നാണ് വക്കീലിന്റെ വാദം. മാനസിക അവസ്ഥ തെറ്റി നില്‍ക്കുന്ന ഒരാളിന്റെ കയ്യില്‍ സയനൈഡ് കൊടുത്തിട്ട്, അയാള്‍ അത് കഴിച്ചു മരിക്കുമ്പോള്‍ ഞാന്‍ അറിയാതെയാണ് കൊടുത്ത് അയാള്‍ അത് കഴിച്ചത് എന്തിനാ എന്ന് ചോദിക്കുന്നത് പോലെ ആണ് ഇത്.

അറിഞ്ഞില്ല എന്ന് പറയുന്നത് ഞാന്‍ വിശ്വസിക്കുന്നില്ല. ഇവരൊക്കെ എല്‍ടിടിഇയുടെ വലിയ പോരാളികള്‍ ആയിരുന്നു. പതിനാറു പതിനേഴ് വയസു കഴിഞ്ഞാല്‍ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്സ് ആണ്. അത്രയും ഡെഡിക്കേറ്റഡ് ആയുള്ള ആളുകള്‍ ആയിട്ടാണ് ഇവര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്നത്,’

Read more

‘പത്തൊന്‍പത് വയസ്സായ, പ്രായപൂര്‍ത്തിയായ ഇയാള്‍ ,എന്തിനാണ് ബാറ്ററി കൊടുക്കുന്നതെന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. അത് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്തെ, കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതിയെ ശിക്ഷിക്കാന്‍, ഈ അടുത്തിടവരെ ഭരിച്ചിരുന്ന അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ഇനി അയാളെ ജയിലില്‍ ഇട്ടിട്ടു എന്ത് കാര്യം? മുപ്പത് വര്‍ഷത്തിലധികം ജയില്‍ ജീവിതം അനുഭവിച്ച പേരറിവാളന്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നാണ് തന്റെ അഭിപ്രായം. മോചനം മാനുഷിക പരിഗണന വച്ചാണെങ്കില്‍ നന്നായി,’