വിമര്‍ശകര്‍ എങ്ങനെ കാണുമെന്നും ആരാധകര്‍ എന്ത് ആഗ്രഹിക്കുന്നുവെന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നു; ‘മാസ്റ്ററി’നെ കുറിച്ച് ലോകേഷ് കനകരാജ്

Advertisement

തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’. പത്ത് മാസങ്ങളോളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ ഉണര്‍ന്നതോടെ സിനിമാ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. ആദ്യദിനം തന്നെ രണ്ടു കോടി റെക്കോഡ് കളക്ഷനും മാസ്റ്റര്‍ സ്വന്തമാക്കി. ആരാധകരും സാധാരണ പ്രേക്ഷകരും എന്ത് ആഗ്രഹിക്കുന്നുവോ അതാണ് മാസ്റ്ററിലുള്ളത് എന്ന് പറയുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

ഏറെ സമ്മര്‍ദ്ദത്തോടെയാണ് താന്‍ മാസ്റ്റര്‍ ചെയ്തത് എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്‍ നിന്നു കൊണ്ട് ഒരു നല്ല സിനിമ ചെയ്യാനാവില്ല. സംവിധായകനും നായകനും തമ്മിള്‍ ഒരു പരസ്പര ബന്ധം ഉണ്ടായാല്‍ മാത്രമേ സിനിമ സാദ്ധ്യമാവുകയുള്ളു. ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ‘നിങ്ങളുടെ മനസ്സിലുള്ള സിനിമ നിങ്ങള്‍ ചെയ്യുക’ എന്ന് വിജയ് പറഞ്ഞിരുന്നതായും സംവിധായകന്‍ പറയുന്നു.

എന്നാല്‍ താന്‍ മനസില്‍ കണ്ട സിനിമ എടുക്കുക എന്നതിനപ്പുറം ചില ഉത്തരവാദിത്വങ്ങള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് ലോകേഷ് പറയുന്നത്. വിജയ് വലിയ താരമാണ്, ഒരുപാട് ആരാധകരുണ്ട്. അതെല്ലാം കണ്ടില്ലെന്ന് നടിച്ച് ഒരു പരീക്ഷണചിത്രം എടുക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് സംവിധായകന്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ആരാധകരും സാധാരണ പ്രേക്ഷകരും എന്താണ് ആഗ്രഹിക്കുന്നതെന്നും വിമര്‍ശകര്‍ അതിനെ എങ്ങനെ എടുക്കുമെന്നും തങ്ങള്‍ ചിന്തിച്ചിരുന്നതായും ലോകേഷ് കനകരാജ് പറയുന്നു. കൈദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി സംവിധായകനും ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍ എത്തിയിരുന്നു.