എന്റെ സിനിമയിലെ എല്ലാ നായികാ കഥാപാത്രത്തിനോടും മനസ്സില്‍ പ്രണയം തോന്നിയിട്ടുണ്ട്; തുറന്നുപറഞ്ഞ് ലാല്‍ ജോസ്

തന്റെ സിനിമയിലെ എല്ലാ നായികാ കഥാപാത്രത്തിനോടും മനസ്സില്‍ പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ ജോസ്. പഠിക്കുന്ന കാലത്ത് മനസ്സില്‍ അടക്കിവെച്ചിട്ടുള്ള പ്രണയമായിരുന്നു തന്റേതെന്നും മാധ്യമവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തന്റെ ചില നായിക കഥാപാത്രങ്ങള്‍ തിരിച്ചറിയപ്പെടാത്തതിനാല്‍ ധാരാളം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ലാല്‍ ജോസ് വ്യക്തമാക്കി.

ലാല്‍ ജോസിന്റെ വാക്കുകള്‍

“വിക്രമാദിത്യനി”ലെ ദീപിക. ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ് ആദിത്യന്‍. വിക്രമന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തില്‍ പരാജയപ്പെട്ട ആദിത്യ നാട് വിട്ടുപോകുന്നു. അവനു വേണ്ടി അവള്‍ അന്വേഷിക്കുന്നുണ്ട്. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്നവരാണ്.

ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കില്‍ സമൂഹം അവരെ അങ്ങനെയാക്കും. സമൂഹം വരച്ച വഴിയിലൂടെ നടക്കണം, ഇല്ലെങ്കില്‍ അവള്‍ കുഴപ്പക്കാരിയാണ്. കുറച്ചു ദിവസങ്ങളായി കേരളം കുറേ പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ കാണുന്നു. നമ്മള്‍ സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്യുന്നു. പിന്നെയോ അത് മറക്കുന്നു. കുറച്ച് ദിവസം മുമ്പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ നടന്നില്ലേ വലിയ സ്ത്രീധനം കൊടുത്താണ് ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള ആ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയച്ചത്. അച്ഛനും ആങ്ങളയും ഒക്കെയുണ്ട്.

അവളെ വിവാഹം കഴിച്ച ആള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. എന്നിട്ടും അവള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. ആര്‍ക്കും അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അത് പറയാം. അത്ര ഈസിയല്ല ഒന്നും. മറ്റുള്ളവരുടെ അന്വേഷണങ്ങളിലാണ് പല പെണ്‍കുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേര്‍ന്ന് പോകാതെ സ്വന്തം ഇഷ്?ടം തിരഞ്ഞെടുത്തവളാണ് ദീപിക. വിക്രമനോട് അവള്‍ക്ക് പ്രണയമല്ല. അവളുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമന്‍ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യന്‍ മടങ്ങി വരുമ്പോള്‍ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ് അല്ലാതെ എനിക്ക് അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല. അവള്‍ ആഗ്രഹിച്ച ജീവിതം കിട്ടുമ്പോള്‍ അത് ഉപേക്ഷിക്കണം.