'ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് അങ്കിളിനുള്ള ഊഷ്മളതയും സ്‌നേഹവും'; ജോണ്‍ പോളിന്റെ ഓര്‍മ്മയില്‍ കുഞ്ചാക്കോ ബോബന്‍

ജോണ്‍ പോളിന്റെ വിയോഗം വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണെന്ന് കുഞ്ചാക്കോ ബോബന്‍. ഉദയ കുടുംബത്തോട് പ്രത്യേകിച്ചും തന്റെ അപ്പനോട് ഏറെ അടുപ്പമുള്ള ആളായിരുന്നു ജോണ്‍ പോളെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചാക്കോച്ചന്റെ വാക്കുകള്‍ :

ജോണ്‍ പോള്‍ അങ്കിള്‍ നിത്യ സമാധാനത്തിലേക്ക്

അസാമാന്യ പ്രതിഭയായ മനുഷ്യന്‍

മനസ്സിനെ സ്പര്‍ശിക്കുന്ന ഒട്ടനവധി സിനിമകള്‍ക്ക് ജന്മം നല്‍കിയ, കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന, ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ആധിപത്യം പുലര്‍ത്തിയ, ഞങ്ങളെല്ലാവരും അങ്കിള്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ഉദയ കുടുംബത്തോട്, പ്രത്യേകിച്ച് എന്റെ അപ്പനോട് അദ്ദേഹത്തിനുള്ള ഊഷ്മളതയും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ട്. ശരീരത്തെക്കാള്‍ വലിയ മനസ്സുള്ള അദ്ദേഹത്തിന്റെ ഹൃദയവിശാലത അനുഭവിച്ച ഒരുപാടുപേരുണ്ട്. അദ്ദേഹം നമ്മുടെ ഇടയില്‍ ഇല്ലായിരുന്നെങ്കിലും ദൂരത്തു നിന്നും ആ സ്‌നേഹം അനുഭവിച്ചറിയാമായിരുന്നു.

ജോണ്‍ പോള്‍ അങ്കിള്‍, അങ്ങയുടെ ശബ്ദവും വാക്കുകളും ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും. പക്ഷേ സിനിമാമേഖലയ്ക്ക് വേണ്ടിയും സാഹിത്യത്തിന് വേണ്ടിയും ബാക്കിവച്ചിട്ടുപോയ സൃഷ്ടികളിലൂടെ അങ്ങ് നിരന്തരം ഞങ്ങളോട് സംവദിച്ചുകൊണ്ടേയിരിക്കും. അടുത്ത കാലത്തായി മലയാള സിനിമാ മേഖലയ്ക്ക് മാത്രമല്ല വ്യക്തിപരമായി എനിക്കും എന്റെ കുടുംബത്തിനും സംഭവിച്ച വലിയ നഷ്ടങ്ങള്‍ തന്നെയാണ് നെടുമുടി വേണുച്ചേട്ടന്‍, ലളിതച്ചേച്ചി, ഇപ്പോള്‍ ജോണ്‍ പോള്‍ അങ്കിള്‍ എന്നിവരുടെ വിയോഗം. നിങ്ങള്‍ എല്ലാവരും സ്വര്‍ഗത്തില്‍ നിങ്ങളുടെ സൗഹൃദം പുനരുജ്ജീവിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.