രമേഷ് പിഷാരടിയാണ് ആദ്യം പറയുന്നത്, 'നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ' എന്ന്, പലരും പറഞ്ഞിരുന്നു ആ മാനറിസങ്ങളുണ്ടെന്ന്: കൃഷ്ണപ്രഭ

തനിക്ക് നടി സുകുമാരിയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും പലരും പറഞ്ഞിട്ടുണ്ടെന്ന് നടി കൃഷ്ണപ്രഭ. രമേഷ് പിഷാരടിയാണ് ഇത് തന്നോട് ആദ്യമായി പറയുന്നതെന്നും അത് വലിയ അംഗീകാരമാണെന്നും കൃഷ്ണപ്രഭ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താന്‍ ഒരുപാട് ആരാധിക്കുന്ന ആര്‍ട്ടിസ്റ്റുകളാണ് സുകുമാരിയമ്മ, ലളിതാമ്മ, കല്‍പ്പന ചേച്ചി എന്നിവര്‍. രമേഷ് പിഷാരടിയാണ് ഒരിക്കല്‍ പറയുന്നത്, ‘നീ ഞങ്ങളുടെ ഇടയിലെ കൊച്ചു സുകുമാരിയല്ലേ’ എന്ന്. പിന്നീടത് പലരും പറഞ്ഞിരുന്നു. എവിടൊക്കെയോ സുകുമാരിയമ്മയുടെ ഛായയുണ്ടെന്നും മാനറിസങ്ങളുണ്ടെന്നും.

അത് വലിയൊരു ക്രെഡിറ്റാണ്. അത്തരമൊരു ഇതിഹാസ താരത്തോട് നമ്മുടെ പേര് ചേര്‍ക്കപ്പെടുകയെന്നത് വലിയ അംഗീകാരമാണ്. അവരെപ്പോലെ ജീവിതകാലം മുഴുവന്‍ സിനിമയില്‍ നില്‍ക്കാന്‍ സാധിക്കണമെന്നും പല വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും കൃഷ്ണപ്രഭ പറയുന്നു.

2008ല്‍ മോഹന്‍ലാല്‍ ചിത്രം മാടമ്പിയിലൂടെയാണ് കൃഷ്ണപ്രഭ മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നത്. 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായി കൃഷ്ണപ്രഭ വേഷമിട്ടിരുന്നു. സിനിമയിലെത്തി പത്തു വര്‍ഷം തികയുമ്പോള്‍ അഡ്രസ്സുള്ള സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഭാഗ്യമെന്ന് താരം പറയുന്നു.