കരൂർ ദുരന്തം; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ

കരൂർ ദുരന്തത്തിൽ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ. സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇൻസ്റ്റാഗ്രാം സ്‌റ്റോറിൽ ‘അറസ്റ്റ് വിജയ്’ എന്ന് നടി എഴുതി. എന്നാൽ മണിക്കൂറുകൾക്കകം നടി സ്റ്റോറി ഡിലീറ്റ് ചെയ്തു. ടിവികെ റാലിയ്ക്കിടയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്.

കരൂർ ദുരന്തത്തിൽ പ്രതിഷേധിച്ച് #arrestvijay എന്ന ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയിരുന്നു. പതിനായിരം പേർ മാത്രം അനുവദിക്കപ്പെട്ട ടിവികെ റാലിയിൽ ഒന്നര ലക്ഷം പേർ തിങ്ങി കൂടി. ടിവികെ അധ്യക്ഷൻ വിജയ് 7 മണിക്കൂർ വൈകിയെത്തിയതിനാൽ ഉച്ചയ്ക്ക് നിശ്ചയിച്ച പരിപാടി ആരംഭിക്കാൻ താമസം നേരിട്ടു. ആൾക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സംഘടകർക്കോ പോലീസിനോ സാധിച്ചില്ല.

വിജയ് എത്തി ആരംഭിച്ച പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും അപകടം ഒഴിവാക്കാനായില്ല. മരണമടഞ്ഞ 39 പേരിൽ 9 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഓവിയയെ കൂടാതെ രജനികാന്ത്, കമൽ ഹാസൻ, വിശാൽ തുടങ്ങി തമിഴ് സിനിമയിലെ മറ്റ് അനവധി പ്രമുഖരും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്. അതേസമയം കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read more