വിജയിച്ചത് നീതിയും അര്‍പ്പുതാമ്മാളും: പേരറിവാളന്റെ മോചനത്തില്‍ കമല്‍ഹാസന്‍

രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതി പേരറിവാളന്റെ മോചനത്തില്‍ പ്രതികരിച്ച് നടന്‍ കമല്‍ഹാസന്‍. പേരറിവാളന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്നും നീതിയുടെയും അദ്ദേഹത്തിന്റെ അമ്മ നടത്തിയ പോരാട്ടത്തിന്റെയും വിജയം കൂടിയാണ് കോടതി വിധിയെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

”ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷങ്ങള്‍. ഇപ്പോഴെങ്കിലും അത് അവസാനിച്ചതില്‍ സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സര്‍ക്കാരുകള്‍ പന്താടിയ സാഹചര്യത്തില്‍, കോടതി തന്നെ സ്വമേധയാ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയം നേടിയത് നീതിയും പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാളിന്റെ യുദ്ധസമാനമായ പ്രകൃതവുമാണ്.”-കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വര്‍ഷത്തിനു ശേഷമാണ് പേരറിവാളന്‍ ജയില്‍മോചിതനാകുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്. ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.