കഷ്ടപാടുകളിൽ നിന്നും ഉയർച്ചയിലേക്ക്; 16 ആം വയസിൽ തുടങ്ങിയ മോഡലിംഗ്; തരിണി ഇനി കാളിദാസന്റെ സഖി…

ഏറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകാൻ പോവുകയാണ് ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകനും നടനുമായ കാളിദാസ് ജയറാമും തരിണി കലിംഗാരയരും. ഞായറാഴ്ച ഗുരുവായൂരിൽ വച്ചാണ് കാളിദാസ് തരിണിക്ക് താലി ചാർത്തുക. വിവാഹ ഒരുക്കങ്ങൾ താരകുടുംബത്തിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇരുവരുടെയും വിവാഹത്തിന്റെ അപ്‌ഡേറ്റുകൾ ആകാംക്ഷയോടെയാണ് ആരാധകർ അടക്കം കാത്തിരിക്കുന്നത്.

രണ്ട് വർഷം മുൻപ് ദുബായിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് കാളിദാസ് പ്രണയത്തിലാണെന്ന കാര്യം ഏവരും അറിഞ്ഞത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതോടെ ജയറാമിനും കുടുംബത്തിനും ഒപ്പമുള്ള പെൺകുട്ടി ഏതാണെന്ന ചർച്ചകളും ഉയർന്നു. തരിണിയും കാളിദാസും ജയറാമും, പാർവതിയും, മാളവികയും ഒന്നിച്ചുള്ള തിരുവോണ ദിനത്തിലെ ഫോട്ടോ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചു. ഷി തമിഴ് നക്ഷത്ര 2023 അവാർഡിന് തരിണി കലിംഗരായർക്കൊപ്പം എത്തിയ കാളിദാസ് പൊതുവേദിയിൽ വച്ച് ഞങ്ങൾ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന് കാളിദാസ് പറഞ്ഞതോടെ സോഷ്യൽ മീഡിയ ഇരുവരെയും ഏറ്റെടുക്കുകയായിരുന്നു.

നടൻ കാളിദാസ് ജയറാമിന്റെയും തരുണി കലിംഗാരയരുടെയും എൻഗേജ്‌മെന്റ് വീഡിയോ വൈറലായിരുന്നു. നവംബർ പത്തിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. എൻഗേജ്‌മെന്റ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൻഗേജ്‌മെന്റിന്റെ വൻ ആഘോഷങ്ങളാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

ശരിക്കും തരിണി ആരാണെന്നുള്ള ചോദ്യങ്ങളാണ് ഒരു ഭാഗത്ത് ഉയരുന്നത്. മിസ് യൂണിവേഴ്സ് ഇന്ത്യ 2021ൽ മൂന്നാം സ്ഥാനം നേടിയ പ്രശസ്ത മോഡലും സൗന്ദര്യ റാണിയുമാണ് തരിണി കലിംഗരായർ. നീലഗിരി സ്വദേശിയാണ് തരിണി. ഒരു ബ്രാഹ്മണ കുടുംബത്തിലാണ് തരിണി ജനിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. തരിണിയെയും സഹോദരിയെയും പല ബുദ്ധിമുട്ടുകളും തരണം ചെയ്തു വളർത്തിയത് അവരുടെ അമ്മയാണ്. ചെന്നൈയിലെ ഭവൻസ് രാജാജി വിദ്യാശ്രമത്തിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ തരിണി, ചെന്നൈയിലെ എംഒപി വൈഷ്ണവ് കോളേജ് ഫോർ വുമണിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

വിദ്യാഭ്യാസത്തിനൊപ്പം മോഡലിംഗ് കരിയർ കൂടി തരിണി മുന്നോട്ട് കൊണ്ടുപോവുകയും ഫാഷൻ ലോകത്തിലെ ഒരു പ്രമുഖ വ്യക്തിയായി മാറുകയും ചെയ്തു. 16-ാം വയസ്സിൽ മോഡലിംഗ് യാത്ര ആരംഭിച്ച തരിണി കോളേജ് പഠനകാലത്ത് സിനിമാ നിർമ്മാണത്തിലും കഴിവ് തെളിയിച്ചു. 2021-ൽ മിസ് ദിവ മത്സരത്തിൽ പങ്കെടുക്കുകയും ഫൈനലിസ്റ്റ് ആവുകയും മൂന്നാം റണ്ണർ-അപ്പ് പദവി നേടുകയും ചെയ്തതോടെ തരിണി ഇന്ത്യയിൽ അറിയപ്പെട്ടു തുടങ്ങി. ഒരു ഫോട്ടോഗ്രാഫർ കൂടിയായ തരിണി. 2019ലെ മിസ് തമിഴ്‌നാട് പട്ടവും 2019ലെ മിസ് സൗത്ത് ഇന്ത്യയുടെ ഒന്നാം റണ്ണർഅപ്പും നേടിയിട്ടുണ്ട്.

ബാലതാരമായാണ് കാളിദാസ് അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ നായക വേഷത്തിൽ ആണ് താരം തിളങ്ങുന്നത്. മലയാളത്തിലും തമിഴിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങളാണ് കാളിദാസ് അഭിനയിച്ചത്. 23 കാരിയായ തരിണി അഭിനയത്തിനും മോഡലിങ്ങിനും പുറമെ പരസ്യചിത്രങ്ങൾ എന്നിവയും ചെയ്യുന്നുണ്ട്. ഒരു കോടിക്ക് പുറത്താണ് താരിണിയുടെ മൂല്യം എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. തരിണിക്ക് ചെന്നൈയിൽ ആഡംബര വീടും ഓഡി കാറും സ്വന്തമായുണ്ട് എന്ന് ഇരുവരുടെയും വിവാഹനിശ്ചയ സമയത്തു തന്നെ വാർത്തകൾ വന്നിരുന്നു.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത് എന്നതിനാൽ തന്നെ ആരാധകരും വളരെ സന്തോഷത്തോടെയാണ് വിവാഹവാർത്തകൾക്കായി കാത്തിരിക്കുന്നത്. ജയറാമുമായി സൗഹൃദം പങ്കിടുന്ന കമൽഹാസൻ കാളിദാസിന്റെ വിവാഹത്തിന് തൻ്റെ സാന്നിധ്യം അറിയിക്കാൻ സാധ്യതയുണ്ട്. കൂടാതെ സിനിമാരംഗത്തും രാഷ്ട്രീയത്തിലും നിന്നുള്ള നിരവധി പ്രമുഖരും എത്തിച്ചേരും എന്നാണ് റിപോർട്ടുകൾ.