ഇംഗ്ലീഷ് പറഞ്ഞ് ഇല്യൂമിനാറ്റിയൊക്കെയായി, പൃഥ്വിരാജ് ഏതോ ഗ്രഹത്തില്‍ ജീവിക്കുന്ന ആളായിട്ടായിരുന്നു എനിക്കും തോന്നിയത്; ഷാജോണ്‍ പറയുന്നു

നടനും സംവിധായകനുമായ പൃഥ്വിരാജിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ച് നടന്‍ കലാഭവന്‍ ഷാജോണ്‍. ‘ലൂസിഫര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വരെ എനിക്കും പൃഥ്വിരാജ് ദൂരെ ഏതോ ഗ്രഹത്തില്‍ ജീവിക്കുന്ന ആളായിട്ടായിരുന്നു തോന്നിയത്. വേറേ ഏതോ ഒരാള്‍, വേറേ ഏതോ ഒരു ഗ്രഹത്തില്‍ ജീവിക്കുന്ന ആള്‍. കുറേ ഇംഗ്ലീഷൊക്കെ പറഞ്ഞ് ഇല്യൂമിനാറ്റിയൊക്കെയായി, ഇരുട്ടത്തൊക്കെ നിന്ന് നമ്മളുമൊന്നുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍. അങ്ങനെയാണ് എനിക്കും തോന്നിയത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍.

അമര്‍ അക്ബര്‍ അന്തോണിയിയുടെ ലൊക്കേഷനില്‍ വെച്ചാണ് പൃഥ്വിരാജുമായി കുറച്ചുകൂടി അടുത്ത് സംസാരിക്കുന്നത് പിന്നീട് ആ സിനിമയില്‍ നിന്നാണ് ബ്രദേഴ്സ് ഡേയിലേക്കൊക്കെ പൃഥ്വിരാജിനെ വിളിക്കുന്നത്.

ലൂസിഫര്‍ ലൊക്കേഷനില്‍ ചെന്നപ്പോഴാണ് രാജു ഇത്ര സിംപിളാണല്ലോ എന്ന് മനസിലാകുന്നത്. തമാശയൊക്കെ പറയുന്ന, തമാശകള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരന്‍ തന്നെയാണ് അദ്ദേഹം,’ ഷാജോണ്‍ പറഞ്ഞു. പൃഥ്വിരാജിന്റെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഇന്ത്യന്‍ റുപ്പിയാണെന്നും അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.