ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്നു പറയാന്‍ ആരുമില്ല: ജോയ് മാത്യു

തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആക്രമണത്തെ അതിജീവിച്ച നടിയുടെ കുറിപ്പ് സിനിമാലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ഒട്ടുമിക്ക താരങ്ങളും നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്തത്. നടിക്കൊപ്പമെന്ന് പറയാന്‍ എളുപ്പമാണ്, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കാനില്ലെന്ന് പറയാന്‍ ആരുമില്ല എന്ന വസ്തുത ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

”ഇരയ്‌ക്കൊപ്പം എന്നു പറയാന്‍ എളുപ്പമാണ്. കുറ്റവാളിയുമായി സഹകരിക്കാന്‍ ഇല്ലെന്ന് പറയാന്‍ ആരുമില്ല” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് ജോയ് മാത്യുവിന് പിന്തുണയമായി എത്തുന്നത്.

No description available.

താങ്കളിലൂടെ ഒരു തുടക്കമാകട്ടെ എന്നും അങ്ങനെയാണ് വേണ്ടത് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഇരയാക്കപ്പെട്ടതില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്.

നടിയുടെ കുറിപ്പ്:

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ചു വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അപ്പോളൊക്കെയും ചിലരൊക്കെ നിശ്ശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍.

Read more

ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും, ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദി.