ഈ പടം ചിതറും, അത് ജോഷി സാറിന്റെ ഗ്യാരണ്ടിയാണ്: ജോജു ജോര്‍ജ്ജ്

നാല് വര്‍ഷത്തിനു ശേഷം സംവിധായകന്‍ ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ജോജു ജോര്‍ജ്ജും ചെമ്പന്‍ വിനോദും നൈല ഉഷയും പ്രദാന കഥാപാത്രങ്ങളാകുന്ന ചിത്രം ആക്ഷനും പ്രണയുവുമെല്ലാം ഒത്തിണങ്ങിയ ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. ഈ ചിത്രം വമ്പന്‍ വിജയമായിരിക്കുമെന്നാണ് ജോജു പറയുന്നത്.

“ജോഷി സാറിന്റെ ഇടവേള ഒരു ഇടവേളയേ അല്ല. അദ്ദേഹം എന്നും നമ്മുടെ മനസില്‍ ഉണ്ടായിരുന്നു. വലിയ സിനിമകളും കാര്യങ്ങളുമായി അദ്ദേഹം എന്നും നമ്മളെ അമ്പരപ്പിച്ചിട്ടേയുള്ളു. നാടുവാഴികളില്‍ ലാലേട്ടന്‍ ശവപ്പെട്ടിയില്‍ നിന്ന് ചിതറി എണീറ്റ് വെടിവയ്ക്കുന്ന ഒരു സീനുണ്ട്. അതൊക്കെ കണ്ട് ഏറെ ത്രില്ലടിച്ചിട്ടുള്ള സിനിമയില്‍ അഭിനയിക്കാന്‍ തോന്നിയിട്ടുള്ള ആളാണ് ഞാന്‍. ആ വലിയ മനുഷ്യന്‍റെ ചിത്രത്തില്‍ ഞങ്ങള്‍ മൂന്നു പേര്. ഈ പടം ചിതറും. അത് നമ്മടെ ഗ്യാരണ്ടിയല്ല, ജോഷി സാറിന്റെ ഗ്യാരണ്ടിയാണ്.” ചടങ്ങില്‍ ജോജു പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്. ചിത്രത്തില്‍ പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക.