പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു, ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിച്ച് പറയുന്നതല്ല: ജയസൂര്യ

ജയസൂര്യക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജയസൂര്യ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജയസൂര്യ പറഞ്ഞു.

പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ഇടത് വലത് രാഷ്രീയവുമായി ബന്ധിക്കേണ്ടതില്ല. കളമശ്ശേരിയിലെ പരിപാടിയ്ക്ക് തന്നെ വിളിച്ചത് മന്ത്രി പി രാജീവാണ്. അവിടെ എത്തിയപ്പോഴാണ് കൃഷി മന്ത്രി ഉണ്ടെന്ന് പോലും അറിയുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒന്നുകില്‍ മന്ത്രിയോട് നേരിട്ട് പറയാം.

അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിടാം. പക്ഷേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അവിടെ പറഞ്ഞത്. തന്റേത് കര്‍ഷകപക്ഷം. ആറ് മാസമായി പലര്‍ക്കും പണം കിട്ടിയിട്ടില്ല. അത് അനീതീതിയില്ലേ എന്നാണ് ജയസൂര്യ ചോദിക്കുന്നത്.

കളമശ്ശേരിയില്‍ സംഘടിപ്പിച്ച കാര്‍ഷികോത്സവത്തില്‍ സംസാരിക്കവെയാണ് കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചത്.

കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ജയസൂര്യയുടെ പരാമര്‍ശം.