മമ്മൂട്ടി പറഞ്ഞ ആമുഖം തമിഴില്‍ ഞാന്‍ പറഞ്ഞോളാം; 'മാളികപ്പുറം' കണ്ട് കണ്ണ് നിറഞ്ഞ് ജയറാം

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറം’ കണ്ട് കണ്ണ് നിറഞ്ഞ് നടന്‍ ജയറാം. ചെന്നൈയില്‍ കുടുംബത്തിനൊപ്പമാണ് ജയറാം സിനിമ കണ്ടത്. മലയാളത്തില്‍ മമ്മൂട്ടി പറയുന്ന ആമുഖം തമിഴില്‍ താന്‍ പറയാം എന്ന വാഗ്ദാനമാണ് സിനിമയുടെ ടീമിന് ജയറാം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

തിയേറ്ററില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വിളിച്ചത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫിനെയാണ്. സിനിമ കണ്ടിരിക്കെ പലപ്പോഴും തന്റെ കണ്ണുകള്‍ നിറഞ്ഞു. പൂര്‍ത്തിയായപ്പോള്‍ കുറേ നേരത്തേക്ക് ഒന്നും പറയാനായില്ല എന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനൊപ്പമാണ് മമ്മൂട്ടി പറയുന്ന ആമുഖം ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ താന്‍ പറഞ്ഞു കൊള്ളാമെന്ന വാഗ്ദാനം ജയറാം മുന്നോട്ടു വെച്ചത്. തികഞ്ഞ അയ്യപ്പഭക്തനായ ജയറാം മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്നയാളാണ്.

വിഷ്ണുശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സൈജുകുറുപ്പ്, രമേഷ് പിഷാരടി, ടി.ജി രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നു.

അഭിലാഷ് പിള്ളയാണ് തിരക്കഥ. ചായാഗ്രഹണം വിഷ്ണുനാരായണനും എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു. സംഗീതം രഞ്ജിന്‍രാജ്. നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ കാന്താര എന്നാണ് സിനിമയെ പല നേതാക്കളും വിശേഷിപ്പിച്ചത്.