താരങ്ങളുടെ പ്രതിഫലം കുറയ്ക്കാത്തതാണ് മലയാള സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത് എന്ന ജി സുരേഷ് കുമാറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ജയന്‍ ചേര്‍ത്തല. കോടികള്‍ വാങ്ങുന്ന മകള്‍ ഒരു രൂപയെങ്കിലും ഇന്നുവരെ കുറച്ചോ? എന്നാണ് നടന്‍ ചോദിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ‘അമ്മ’ സംഘടനയാണ് പണം നല്‍കിയതെന്നും അതിന് വേണ്ടി താരങ്ങള്‍ പൈസ വാങ്ങാതെ ഷോ ചെയ്തിട്ടുണ്ടെന്നും ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ’ എന്നതു പോലെ പണം ഉണ്ടാക്കാന്‍ മാത്രം താരങ്ങള്‍ വേണം പടമെടുത്ത് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് അയിത്തം ആണെന്നും നടന്‍ ആരോപിച്ചു.
ജയന്‍ ചേര്‍ത്തലയുടെ വാക്കുകള്‍:
നിര്‍മ്മാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം ഒരു പത്രസമ്മേളനം നടത്തി പറയുകയുണ്ടായി, സിനിമ നഷ്ടത്തിലാണെന്നും ജൂണ്‍ ഒന്നാം തീയതി മുതല്‍ സമരത്തിലോട്ട് പോവുകയാണെന്നും. അതിന് അവര്‍ മുന്നോട്ടുവച്ച കാരണങ്ങളാണ് മനസിലാകാത്തത്. അവര്‍ പറഞ്ഞിരിക്കുന്നത് താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം, താരങ്ങളാണ് സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത് എന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഏത് ഭാഷയിലാണെങ്കിലും ഒരു സിനിമ കമേഴ്ഷ്യലി ഹിറ്റ് ആവാന്‍ വേണ്ടിയിട്ടാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങള്‍ ഉള്ളതുകൊണ്ടല്ലേ?
ഈ താരങ്ങളെ വച്ചുകൊണ്ട് ലാഭമുണ്ടാക്കിയിട്ടുള്ള കുറെ പ്രൊഡ്യൂസര്‍മാര്‍ തന്നെയാണ് ഇന്നത്തെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ തലപ്പത്ത് ഉള്ളത്. അവര്‍ തന്നെയാണ് താരങ്ങള്‍ക്ക് വില കുറയ്ക്കണം എന്ന് പറയുന്നത്. അത് ന്യായമായ ഒരു കാര്യമല്ല. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് കൊണ്ട് ഒരു സിനിമ ലാഭത്തില്‍ ആകുമോ? താരങ്ങള്‍ക്കാണോ മുഴുവന്‍ പൈസയും കൊടുക്കുന്നത്? അത് തികച്ചും താരങ്ങള്‍ക്കെതിരെയും താര സംഘടനയ്‌ക്കെതിരെയും കോര്‍ണര്‍ ചെയ്യാന്‍ വേണ്ടിയുള്ള പ്ലാന്‍ ചെയ്ത ഒരു ആരോപണം മാത്രമാണ്. സത്യവിരുദ്ധമായ കാര്യമാണത്. ഇവര്‍ക്ക് അത്രയ്ക്കും ചങ്കുറപ്പ് ഉണ്ടെങ്കില്‍ താരങ്ങള്‍ ഇല്ലാതെയും ഒരു സിനിമ ഹിറ്റാക്കാന്‍ സാധിക്കുമല്ലോ? പക്ഷേ അവര്‍ അതിന് മുതിരുന്നില്ല. അപ്പോള്‍ നായകനായും നായികയായും മറ്റ് നടന്മാരുമായി ഒക്കെ താരങ്ങളെ വേണം. ഒപ്പം അവര്‍ക്ക് പൈസ കൊടുക്കാനും പറ്റില്ല. അതൊരു ഇരട്ടത്താപ്പാണ്. ഒരു ബൂര്‍ഷ്വാ കാഴ്ചപ്പാടുമാണത്.
മറ്റൊരു കാരണമായി പറയുന്നത്, താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ പാടില്ല എന്നാണ്. എന്ത് വൃത്തികേടാണ് ആ പറയുന്നത്. ഇവിടെ സിനിമ ഇന്‍ഡസ്ട്രി ഉള്ളത് കൊണ്ട് എത്ര പേര് ആണ് ജീവിച്ചു പോകുന്നത്. ഒരു സിനിമയുമായി ബന്ധപ്പെട്ട് ഏതാണ്ട് 150 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നവരും ടെക്‌നീഷ്യന്മാരും എല്ലാവരും സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണല്ലോ ജീവിക്കുന്നത്. സിനിമയുടെ കൂട്ടായ്മയ്ക്കും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരും, സിനിമയുടെ മുഖ്യ കാരണങ്ങള്‍ ആയിട്ടുള്ളവരും സിനിമ നിര്‍മിക്കുന്നതില്‍ എന്താണ് തെറ്റ്? അവര്‍ മുഖ്യ കാരണങ്ങള്‍ ആയതുകൊണ്ടാണല്ലോ പ്രൊഡ്യൂസര്‍മാര്‍ അവരുടെ ഡേറ്റ് അന്വേഷിച്ച് നടക്കുന്നത്.
ആ താരങ്ങള്‍ സിനിമ നിര്‍മ്മിക്കാന്‍ പാടില്ല എന്ന് പറയുന്നത് പഴയ കാലത്തെ വ്യവസ്ഥിതിയാണ്. നിങ്ങളൊക്കെ അടിയാന്മാര്‍ ഞങ്ങള്‍ മുതലാളിമാര്‍ എന്ന കാഴ്ചപ്പാടാണത്. മുതലാളിത്ത വ്യവസ്ഥയുടെ കാഴ്ചപ്പാട് നിര്‍മ്മാതാക്കളുടെ ഇപ്പോഴത്തെ നിലപാട്. അവര്‍ മാത്രമേ നിര്‍മാതാക്കള്‍ ആവാന്‍ പാടുള്ളൂ എന്നും അവര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രമേ തിയേറ്ററില്‍ ഓടാന്‍ പാടുള്ളൂ, അത് മാത്രമേ ജനങ്ങള്‍ കാണാന്‍ പാടുള്ളൂ എന്നുമാണ്. ആ അഹങ്കാരം അംഗീകരിച്ചു കൊടുക്കാന്‍ പറ്റുന്നതല്ല. ‘അമ്മ’യിലെ താരങ്ങളായ 25 പേരുടെ പടങ്ങള്‍ മാത്രമാണോ ഒരു വര്‍ഷം ഇവിടെ ഇറങ്ങുന്നത്? പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തന്നെ പറയുന്നുണ്ട് 140 മുതല്‍ 160 വരെ സിനിമകള്‍ ഒരു വര്‍ഷം ഇറങ്ങുന്നുണ്ടെന്നും. ഈ 160 പടങ്ങളും താരങ്ങളല്ലല്ലോണോ നിര്‍മിക്കുന്നത്?
ചില സിനിമകളുടെ കോസ്റ്റ് വളരെ കൂടുതലാണ് എന്ന് കേള്‍ക്കുമ്പോള്‍ അത് നിര്‍മ്മിക്കാന്‍ പല പ്രൊഡ്യൂസര്‍മാരും തയ്യാറാകുന്നില്ല. ഈ അടുത്ത സമയത്ത് തന്നെ നടന്ന സിനിമയുടെ ഷൂട്ടിങ് നമുക്കറിയാം. ക്ലൈമാക്‌സിനായി 50 ആര്‍ട്ടിസ്റ്റുകളെ വേണ്ടയിടത്ത് പ്രൊഡ്യൂസര്‍ ഡയറക്ടറുമായി വഴക്കിട്ടിട്ട് അവിടെ തര്‍ക്കം ഉണ്ടായി. അങ്ങനെ ആ സിനിമ ഒരു അവിയല്‍ പരുവത്തില്‍ ആയി. കാരണം പൈസ മുടക്കേണ്ടിടത്ത് പൈസ മുടക്കണമെന്ന കാഴ്ചപ്പാട് പ്രൊഡ്യൂസേഴ്‌സിന് ഉണ്ടായില്ലെങ്കില്‍ അത് സിനിമയെ ബാധിക്കും, സിനിമയുടെ വിജയത്തെയും ബാധിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആണ് ഹൈ കോസ്റ്റ് ആയിട്ടുള്ള പടങ്ങള്‍ ഇന്ന് ആര്‍ടിസ്റ്റുകള്‍ തന്നെ ഏറ്റെടുക്കുന്നത്. അങ്ങനെ ലോകോത്തര നിലവാരമുള്ള വലിയ സിനിമകള്‍ മലയാളത്തില്‍ വരണം എന്നുള്ള ആഗ്രഹമുള്ളതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ തയാറായില്ലെങ്കില്‍ പോലും ആര്‍ടിസ്റ്റുകള്‍ ചെയ്യാന്‍ തയാറാകുന്നതും.
സുരേഷ് കുമാറിന്റെ നിര്‍മാണ കമ്പനിയുടെ പേര് രേവതി കലാമന്ദിര്‍ എന്നാണ്. നിര്‍മാതാവിന്റെ പേരായി അദ്ദേഹം വയ്ക്കുന്നത് മേനക സുരേഷ് കുമാര്‍ എന്നുമാണ്. മേനക ചേച്ചി നടി ആയിരുന്നല്ലോ. ചേച്ചി ‘അമ്മ’യുടെ മെമ്പറും ആണ്. അതുകൊണ്ട് ചേച്ചിയെ കുറ്റപ്പെടുത്താനും പോകുന്നില്ല. അദ്ദേഹം അത് ആലോചിച്ചിട്ട് വേണമായിരുന്നു സംസാരിക്കാന്‍. അദ്ദേഹത്തിന്റെ മകള്‍ നടിയല്ലേ? അവര്‍ കോടികള്‍ മേടിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ കുറച്ച് ഒരു അവര്‍ സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവില്‍ ഇല്ലല്ലോ?
‘അമ്മ’യ്‌ക്കെതിരായ ആരോപണങ്ങളില്‍ ഇതുവരെ മിണ്ടാതിരുന്നത് അതൊരു കൂട്ടായ്മയാണ്, ഒരു ഫ്രട്ടേണിറ്റി ആണ് എന്നുള്ളതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നോര്‍ത്തിട്ടാണ്. ഇതിപ്പോള്‍ അതിര് കടന്നിരിക്കുകയാണ്. ‘അമ്മ’ നാഥനില്ല കളരിയാണ് എന്നാണ് സുരേഷ് കുമാര്‍ പറഞ്ഞിരിക്കുന്നത്. അത് പറയാന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്? മുമ്പ് മലയാള സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടത്തിലാണ് പൈസയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഒരു കോടി രൂപ കടം കൊടുത്തത് അമ്മ അസോസിയേഷന്‍ ആണ്. അതിന് തെളിവുകളും രേഖകളും ഉണ്ട്.
ആ ഒരു കോടിയില്‍ 60 ലക്ഷം രൂപയാണ് അവര്‍ തിരികെ തന്നിട്ടുള്ളത്. ബാക്കി 40 ലക്ഷം ഇപ്പോഴും കടത്തിലാണ്. കഴിഞ്ഞ വര്‍ഷം അവര്‍ കടത്തിലാണ് എന്ന് പറഞ്ഞപ്പോള്‍ താരങ്ങളെ വച്ച് ഷോ ചെയ്യണമെന്ന് അവര്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ലാലേട്ടനും മമ്മൂക്കയും ഉള്‍പ്പെടെ ഉള്ള താരങ്ങള്‍ തന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് വേണ്ടി നിലനിന്നതും ഷോ ചെയ്യാന്‍ തയാറായതും. പൈസ ഒന്നും മേടിക്കാതെയാണ് ഷോയ്ക്ക് എല്ലാവരും തയാറായത്. അന്ന് അവര്‍ക്ക് രണ്ടര കോടിയോളം രൂപ കടമുണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലനിര്‍ത്തേണ്ടത് സിനിമയുടെ ആവശ്യമാണെന്ന നിലപാടിനോട് താരങ്ങള്‍ യോജിച്ച് അത് ചെയ്യാന്‍ തയാറായതാണ് അമ്മ സംഘടനയും അതിന്റെ പ്രവര്‍ത്തകരും. അമ്മയുടെ എല്ലാ മെമ്പേഴ്‌സും ഫ്രീ ആയിട്ടാണ് ഫ്‌ലൈറ്റില്‍ കയറി ഖത്തറില്‍ ചെന്ന് ഷോയ്ക്ക് തയാറായത്.
അമേരിക്കയില്‍ നിന്നും ലാലേട്ടന്‍ സ്വന്തം പൈസ മുടക്കിയാണ് ടിക്കറ്റ് എടുത്ത് ഖത്തറിലേക്ക് എത്തിയത്. പക്ഷേ ആ ഷോ അന്ന് നടന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അത് ഓര്‍ഗനൈസ് ചെയ്യുന്നതിന് സാധിച്ചില്ല. അവിടുന്ന് പിരിഞ്ഞതിന് ശേഷം കടം തീര്‍ത്ത് തരണം എന്നു പറഞ്ഞ് അവര്‍ അമ്മയുടെ അടുത്ത് വീണ്ടും എത്തി. അങ്ങനെയാണ് മനോരമ ചാനലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 19, 20 തിയതികളില്‍ എറണാകുളത്ത് വച്ച് ഷോ നടത്തിയത്. അഞ്ചു പൈസ മേടിക്കാതെ അമ്മയുടെ താരങ്ങള്‍, മോഹന്‍ലാല്‍ മമ്മൂക്ക ഉള്‍പ്പെടെ എല്ലാവരും വന്ന് അവിടെ സഹകരിച്ച് ഷോ ചെയ്തത്. ആ ഷോയ്ക്ക് കിട്ടിയ നാല് കോടി രൂപയില്‍ ഏതാണ്ട് 70 ശതമാനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കടം തീര്‍ക്കാന്‍ വേണ്ടി ആണ് നല്‍കിയത്. രണ്ട് കോടി നാല്‍പത് ലക്ഷം രൂപ അവര്‍ക്കു കൊടുത്തു.
‘പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിഞ്ഞാല്‍ കൂരായണ’ എന്നതുപോലെ പണം ഉണ്ടാക്കാന്‍ മാത്രം താരങ്ങള്‍ വേണം പടമെടുത്ത് കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് അയിത്തം ആണ്, അവര്‍ കൊള്ളരുതാത്തവര്‍ ആണ് എന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളത്. അമ്മ സംഘടനയുടെ അഡ്‌ഹോക് കമ്മറ്റിയില്‍ ഇരുന്നവരാണ് രണ്ട് കോടി 40 ലക്ഷം രൂപ പ്രൊഡ്യൂസര്‍ അസോസിയേഷന് ഒപ്പിട്ടു നല്‍കിയത്. എന്നിട്ടാണ് അമ്മ നാഥനില്ല കളരിയാണ് എന്നു പറയുന്നത്. ഇതൊക്കെ പറയുന്നതില്‍ അവര്‍ക്ക് നാണമോ നന്ദിയോ ഉണ്ടോ? മനുഷ്യത്വം ഇല്ലാതെയാണ് ഇവരൊക്കെ സംസാരിക്കുന്നത്.