അതൊന്നും എന്റെ കൈയിലില്ല; ബാബുരാജിനെ തള്ളി ഇടവേള ബാബു

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടന ‘അമ്മ’യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തലിനെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയില്‍ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിര്‍മ്മാതാക്കള്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു.

‘എന്റെ കൈയില്‍ അത്തരമൊരു പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്.

സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും’, ഇടവേള ബാബു പറഞ്ഞു.

ഒരു പ്രമുഖ നടന്റെ വണ്ടി എക്സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടന്‍ ബാബുരാജ് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ലഹരി ഇടപാടുകാരില്‍ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകള്‍ പൊലീസിനു ലഭിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.