അവരെ യൂട്യൂബിൽ എന്റർടൈൻ ചെയ്യിക്കുന്ന ഒരു ജോക്കർ ആണ് ഞാൻ.. : ധ്യാൻ ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

തിരയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ കിട്ടിയ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. യൂട്യൂബിൽ ഒക്കെ എൻറർടൈൻ ചെയ്യിക്കുന്ന ഒരു ജോക്കർ എന്ന നിലയിലാണ് ആളുകൾ തന്നെ കാണുന്നത് എന്നാണ് ധ്യാൻ പറയുന്നത്.

“തലേദിവസം വരെ എൻ്റെ ഇൻ്റർവ്യൂകളും പ്രൊമോഷണൽ കണ്ടന്റുകളുമൊക്കെ കണ്ടിട്ടാണ് ജനങ്ങൾ വർഷങ്ങൾക്ക് ശേഷം കാണാൻ വരുന്നത്. എന്റെ ഏറ്റവും വലിയ കൺസേണും അതായിരുന്നു. അവരെ യൂട്യൂബിൽ ഒക്കെ എന്റർടൈൻ ചെയ്യിക്കുന്ന ഒരു ജോക്കർ എന്ന നിലയിലാണ് എന്നെ അവർ കാണുന്നത്. തത്കാലം അങ്ങനെ വിചാരിക്കാം.

എന്നെ ആളുകൾക്ക് ഇഷ്‌ടമാണ്. അങ്ങനെ ഒരാളെ തിയേറ്ററിൽ ഇത്തരം ഒരു രൂപത്തിൽ കാണുമ്പോൾ ചിലപ്പോൾ ആ കഥാപാത്രമായി അവർക്ക് ഫീല് ചെയ്യണമെന്നില്ല. ഇത് നമ്മുടെ ധ്യാനല്ലേ എന്ന് പറഞ്ഞേക്കാം. ഞാൻ അത്രയും ഫെമിലിയറും എക്സ്പോസ്‌ഡുമാണ്. അതുകൊണ്ട് ഏട്ടനോട് പടത്തിന്റെ പ്രൊമോഷന് ഞാൻ വരണോ എന്ന് ആദ്യം ചോദിച്ചിരുന്നു.”

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.