ശരിക്കും ഞാന്‍ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്, കുറേ വര്‍ഷം ഞാനത് വിശ്വസിച്ചു: കീര്‍ത്തി സുരേഷ്

ചെറുപ്പത്തില്‍ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നതായി നടി കീര്‍ത്തി സുരേഷ്. അച്ഛനും അമ്മയും ദത്തെടുത്ത് വളര്‍ത്തുന്നതാണെന്നായിരുന്നു വര്‍ഷങ്ങളോളം വിശ്വസിച്ചിരുന്നത്. നടന്‍ സുരേഷ് ഗോപി അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും കീര്‍ത്തി പറഞ്ഞു.

സുരേഷ് ഗോപിയങ്കിള്‍ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്. ഞാന്‍ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കില്‍ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിള്‍ പറയും. ശരിക്കും ഞാന്‍ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വര്‍ഷം ഞാനങ്ങനെ വിശ്വസിച്ചു.’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞു.

വാശിയാണ് കീര്‍ത്തിയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ടൊവീനോ തോമസ് നായകനാകുന്ന ചിത്രം രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ജി രാഘവാണ് സംവിധായകന്‍.

വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം.