'അനിമൽ' പോലെയൊരു സിനിമ എന്റെ സ്വപ്നമാണ്, ഉള്ളിൽ അത്യാവശ്യം വയലൻസ് ഉള്ള ആളാണ് ഞാൻ: വിനയ് ഫോർട്ട്

മലയാളത്തിൽ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് ശ്രദ്ധേയനായ താരമാണ് വിനയ് ഫോർട്ട്. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ വിനയ് ഫോർട്ട് അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രൺബിർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ‘അനിമൽ’ പോലെയൊരു സിനിമ തന്റെ സ്വപ്നമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിനയ് ഫോർട്ട്. ഉള്ളിൽ നല്ല പോലെ വയലൻസ് ഉള്ള ആളാണ് താനെന്നും അതുകൊണ്ട് തന്നെ അത്തരമൊരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും വിനയ് ഫോർട്ട് പറയുന്നു.

“സ്വപ്നമാണ് അനിമൽ എന്ന ചിത്രത്തിലേത് പോലെയൊരു വേഷം. എനിക്ക് ഭയങ്കര താത്പര്യം ഉള്ള ഒരു ഏരിയയാണ് വയലൻസ് എന്ന് പറയുന്നത്. സമൂഹത്തെ ഉദ്ധരിക്കണമെന്ന് പറഞ്ഞുകൊണ്ട് ഞാൻ ഒരു സിനിമയുടെയും ഭാഗമായിട്ടില്ല. എന്നെ ആകെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത് നല്ല തിരക്കഥകളും ഗംഭീര ഫിലിം മേക്കേഴ്സു‌മൊക്കെയാണ്

ഈ കഴിഞ്ഞ ഐ. എഫ്. എഫ്. കെയിൽ എൻ്റെ രണ്ട് സിനിമകൾ ഉണ്ടായിരുന്നു. ഫാമിലിയും ആട്ടവും. ഞാൻ രണ്ട് സിനിമകളുടെയും കൂടെ നിന്നത് പുതിയ ആളുകളുടെ അങ്ങനെയൊരു പ്രൊജക്‌ട് ഓൺ ആക്കാൻ വേണ്ടിയാണ്. പക്ഷെ ഞാൻ അതിൻ്റെ സംവിധായകരോടാണ് നന്ദി പറയേണ്ടത്. കാരണം പൊതുവെ എനിക്ക് കിട്ടുന്ന സിനിമകളിൽ നിന്ന് വ്യത്യസ്‌തമായ സിനിമകൾ എനിക്ക് തരുന്നു എന്നതാണ് വലിയ കാര്യം.

അതുകൊണ്ട് തന്നെ അനിമൽ പോലെയൊരു സിനിമയൊക്കെ എന്റെ സ്വപ്‌നമാണ്. ഞാൻ അനിമൽ കണ്ടിട്ടില്ല. പക്ഷെ നമ്മൾ പുതിയ തരം കഥാപാത്രങ്ങളും സിനിമകളും ചെയ്യണം. എൻ്റെ ഉള്ളിൽ അത്യാവശ്യം വയലൻസ് ഉള്ള ആളാണ്. വയലൻസ് ഏത് തരത്തിലും ആവാമല്ലോ.

അത് മോശമായി ഉപയോഗിക്കാം. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. എൻ്റെയൊരു വളരെ വയലൻ്റ് ആയിട്ടുള്ള ഷേഡ് ഒരു സിനിമയിലും എനിക്ക് കാണിക്കാൻ പറ്റിയിട്ടില്ല.” എന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.