'മറ്റു കഥാപാത്രങ്ങള്‍ പറയുന്നത് എന്താണെന്നു മനസിലാകാതെ മിഴിച്ചു നില്‍ക്കേണ്ടിവരുന്നത് അത്ര രസമുള്ള കാര്യമല്ല'

ഷെയ്ന്‍ നിഗത്തിന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിച്ച അക്കര്‍ എന്ന കഥാപാത്രത്തിന്റെ നായികയായി എത്തിയത് കൊല്‍ക്കത്ത സ്വദേശിയായ ഹിമിക ബോസ് ആണ്. “ഫില്‍റ്റര്‍ കോപ്പി” എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയയായ ഹിമികയുടെ ആദ്യ മലയാളചിത്രമാണ് “വലിയ പെരുന്നാള്‍”. ആഗ്യമായി ഒരു പ്രാദേശിക ഭാഷയില്‍ അഭിനയിച്ചപ്പോള്‍ അത് വലിയ വെല്ലുവിളിയായിരുന്നെന്ന് ഹിമിക പറയുന്നു.

“വലിയപെരുന്നാളില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഭാഷ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഇതിനു മുന്‍പ് മലയാളം എന്ന ഭാഷയെക്കുറിച്ചു കേട്ടിട്ടു പോലുമില്ല. ഷൂട്ടിങ് തുടങ്ങാന്‍ എട്ടു ദിവസം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നത്. അതിനാല്‍ വലിയ തയാറെടുപ്പൊന്നും നടത്താന്‍ സാധിച്ചില്ല. ഒപ്പം അഭിനയിക്കുന്ന മറ്റു കഥാപാത്രങ്ങള്‍ പറയുന്നത് എന്താണെന്നു മനസിലാകാതെ മിഴിച്ചു നില്‍ക്കേണ്ടിവരുന്നത് അത്ര രസമുള്ള കാര്യമല്ലല്ലോ.”

“പറയേണ്ട ഓരോ ഡയലോഗും ഞാന്‍ എഴുതി അവ എങ്ങനെ ഉച്ചരിക്കണമെന്ന് പഠിച്ചു. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷയും എനിക്ക് ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ പതിവിലും കൂടുതല്‍ ശ്രമം അഭിനയത്തിനായി എടുക്കേണ്ടി വന്നു. “ഞ” എന്ന അക്ഷരം പറയാന്‍ നല്ല പാടായിരുന്നു. “ഴ” എനിക്കു പെട്ടെന്നു വഴങ്ങിക്കിട്ടി. ലൊക്കേഷനില്‍ മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളും തമാശകളുമൊക്കെ നായകനായി അഭിനയിച്ച ഷെയ്ന്‍ നിഗം അടക്കമുള്ളവര്‍ എനിക്കു പരിഭാഷപ്പെടുത്തി തന്നിരുന്നു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഹിമിക പറഞ്ഞു.