അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഇന്ത്യ അത് അംഗീകരിക്കില്ലെന്ന് പറഞ്ഞ് അവരുടെ ഭർത്താവ് എന്നെ ഫോൺ ചെയ്തു: കരൺ ജോഹർ

കരൺ ജോഹർ സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കഭി അൽവിദ നാ കെഹ്‌ന’. ഷാരൂഖ് ഖാൻ, റാണി മുഖർജി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, പ്രീതി സിന്റ എന്നീ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നിരുന്നത്. കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ടും പുറത്തിറങ്ങിയ കാലഘട്ടം കൊണ്ടും വലിയ രീതിയിൽ ചർച്ചയായ സിനിമയായിരുന്നു കഭി അൽവിദ നാ കെഹ്‌ന.

ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച ദേവ് എന്ന കഥാപാത്രവും റാണി മുഖർജിയുടെ മായയും തമ്മിൽ ശാരീരികബന്ധം പുലർത്തുന്ന രംഗവുമായി ബന്ധപ്പെട്ട് റാണി മുഖർജിയുടെ ഭർത്താവും ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടറുമായ ആദിത്യ ചോപ്രയുടെ വിയോജിപ്പിനെ പറ്റിയാണ് കരൺ ജോഹർ ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. ആദിത്യ ചോപ്രയ്ക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ചിത്രത്തിൽ ആ രംഗം ഉൾപ്പെടുത്തിയിരുന്നു.

“ഞാൻ ആ സീക്വൻസ് ഷൂട്ട് ചെയ്യുകയായിരുന്നു. മഞ്ഞുമൂടിയ ലൊക്കേഷനിലായിരുന്നു ഞാൻ, ആദിത്യ ചോപ്ര എന്നെ വിളിച്ചു.
എന്നിട്ട് അദ്ദേഹം പറഞ്ഞു, ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കുകയായിരുന്നു. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യ അത് അംഗീകരിക്കില്ലെന്ന് എനിക്ക് തോന്നുന്നു. അവർ അതിനു ശ്രമിക്കുകയും പിൻവാങ്ങുകയും വേണം, കാരണം അവർക്കതിൽ കുറ്റബോധമുണ്ട് എന്നു വരണം’ എന്നായിരുന്നു ആദിത്യ എന്നോട് പറഞ്ഞത്,” മാധ്യമപ്രവർത്തക അനുപമ ചോപ്രയുടെ ഓൾ എബൗട്ട് മൂവീസ് എന്ന പോഡ്‌കാസ്റ്റിനിടെയാണ് കരൺ ജോഹർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഭി അൽവിദ നാ കെഹ്‌ന റിലീസ് ആയതിന് ശേഷം വിവാഹമോചന നിരക്ക് ഉയര്‍ന്നു എന്നാണ് റാണി മുഖര്‍ജി പറഞ്ഞത്. ഗോവയില്‍ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് റാണി സംസാരിച്ചത്.

“ഒരു സ്ത്രീയുടെ ആഗ്രഹങ്ങളെ കുറിച്ചും അവളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഭര്‍ത്താവ് നിങ്ങളെ തല്ലുന്നില്ല എന്ന് കരുതി, അയാള്‍ ‘ഗുഡ് ഇന്‍ ബെഡ്’ ആണെന്നോ നിങ്ങള്‍ അയാളുമായി പ്രണയത്തിലാണെന്നോ അര്‍ത്ഥമാക്കുന്നില്ല.

ഒരു സ്ത്രീയോട് ഒരിക്കലും ചോദിക്കില്ല, ‘നിങ്ങള്‍ ഈ പുരുഷനില്‍ ആകൃഷ്ടനാണോ?’ അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ല. വാസ്തവത്തില്‍, എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലാത്ത ഒരു സമയത്ത് അത്തരത്തിലുള്ള ഒരു സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹര്‍ ധൈര്യപ്പെട്ടു” എന്നായിരുന്നു റാണി മുഖർജി ഈ സിനിമയെ കുറിച്ച് പറഞ്ഞത്.