അത് കേട്ടതും തിരിച്ച് ഓടി; ആരാധകന്റെ വീട്ടില്‍ പോയി പണി കിട്ടിയ കഥ പറഞ്ഞ് ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ ചരിത്ര വിജയമാണ് ഗോഡ്ഫാദര്‍ എന്ന ചിത്രം. സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1993 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അതിലെ പാത്രസൃഷ്ടി തന്നെയാണ്. കാര്യസ്ഥാന്റെ ചെറിയൊരു റോളിലെത്തിയ ഹരിശ്രീ അശോകന് പകരം മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ വയ്യ. ഇപ്പോഴിതാ ആ കഥാപാത്രത്തിന്റെ പേരില്‍ തനിക്ക് കിട്ടിയ ഒരു പണിയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് കൗമുദി ടിവിയുമായുള്ള അഭിമുഖത്തില്‍.

ഹരിശ്രീ അശോകന്റെ വാക്കുകള്‍

കായം കുളത്ത് ഒരു പള്ളിയില്‍ പരിപാടിക്ക് പോയതായിരുന്നു ഞാന്‍ . വെളുപ്പിന് ഒരു അഞ്ച് അഞ്ചരയായിക്കാണും അപ്പോള്‍ ഒരു പയ്യന്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. എന്നോട് അവന്‍ ചോദിച്ചു ചേട്ടാ നിങ്ങള്‍ ഗോഡ് ഫാദറില്‍ അഭിനയിച്ച് ആളല്ലേയെന്ന്. അതേ എന്ന് ഞാനുത്തരം പറഞ്ഞു. ഞങ്ങള്‍ കുടുംബത്തോടെ ചേട്ടന്റെ വലിയ ആരാധകരാണ് വീട്ടിലേക്ക് വരണമെന്നായി പയ്യന്‍. ആദ്യമൊക്കെ ഞാന്‍ നിരസിച്ചു. പക്ഷേ വീട്ടിലെല്ലാവരും കാത്തിരിക്കുകയാണ് എന്ന അവന്റെ വാക്കില്‍ വീണു പോയി.

അങ്ങനെ ഞങ്ങള്‍ നടന്ന് ഒരു വേലിക്കരികെ ചെന്നപ്പോള്‍ അവന്‍ അകത്തേക്ക് ഓടിപ്പോയി. വീടിന്റെ വാതില്‍ക്കല്‍ മുണ്ടൊക്കെ ഉടുത്തിട്ട് ഒരാള്‍ ഇരിക്കുന്നുണ്ട്. കൊച്ചാപ്പ എന്നാണ് പുള്ളിയെ പയ്യന്‍ വിളിച്ചത്. ഞങ്ങള്‍ വേലിക്കകത്തേക്ക് എത്തിനോക്കിയപ്പോള്‍ അയാള്‍ ചോദിച്ചു ആരാത്. ഞങ്ങള്‍ കിടുങ്ങി. അപ്പോള്‍ ചെക്കന്‍ അകത്തൂന്ന് കൊച്ചാപ്പേ അത് ഗോഡ്ഫാദര്‍. അപ്പോള്‍ പുള്ളി ഏത് ഗോഡ്ഫാദര്‍, ഹരിശ്രീ അശോകന്‍ ഏത് ഹരിശ്രീ അശോകന്‍. കൊച്ചാപ്പ സിനിമയൊന്നും കാണില്ല. ഞങ്ങള്‍ അവിടുന്ന് ഓടി. കാരണം കൊച്ചാപ്പയ്ക്ക് കുടിയാണ് ഇയാള്‍ ഇറങ്ങി വന്ന് തല്ലിയാല്‍ പണി പാളും.