"ശത്രു സ്വത്തിൽ" ഉൾപ്പെടുത്തി സെയ്ഫ് അലി ഖാൻ്റെയും പട്ടൗഡി കുടുംബത്തിൻ്റെയും 15,000 കോടി രൂപയുടെ കൊട്ടാരവും സ്വത്തുക്കളും കണ്ടുകെട്ടാൻ സർക്കാർ നീക്കം

പട്ടൗഡി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതും നടൻ സെയ്ഫ് അലി ഖാനുമായി ഭാഗികമായി ബന്ധമുള്ളതുമായ ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ 1968-ലെ ശത്രു സ്വത്തവകാശ നിയമപ്രകാരം കണ്ടുകെട്ടാൻ സർക്കാർ നീക്കം. സുപ്രധാനമായ ഒരു വിധിയിൽ, മധ്യപ്രദേശ് ഹൈക്കോടതി 2015ൽ ഈ സ്വത്തുക്കൾക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കിയിട്ടുണ്ട്. സെയ്ഫിൻ്റെ ബാല്യകാല വസതിയായ ഫ്ലാഗ് സ്റ്റാഫ് ഹൗസ്, നൂർ-ഉസ്-സബാഹ് പാലസ്, ദാർ-ഉസ്-സലാം, ഹബീബിയുടെ ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹിഫിസ പ്രോപ്പർട്ടി തുടങ്ങിയവയാണ് വിധിയിൽ ഉൾപ്പെടുന്ന ചില സ്വത്തുക്കൾ.

വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ സ്വത്തുക്കളുടെ നിയന്ത്രണം സർക്കാറിന് ഏറ്റെടുക്കാൻ ‘ശത്രു സ്വത്ത്’ നിയമം അനുവദിക്കുന്നു. ഭോപ്പാലിലെ നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളായിരുന്നു. അവരിൽ ഒരാൾ പാകിസ്ഥാനിലേക്ക് കുടിയേറുകയും മറ്റൊരാൾ ഇന്ത്യയിൽ തുടരുകയും ചെയ്തു. ഇന്ത്യയിൽ തുടരുന്ന മകളുടെ ചെറുമകനാണ് സെയ്ഫ്. എന്നാൽ സ്വത്തുക്കളുടെ ഉടമയായി പാകിസ്താനിലേക്ക് കുടിയേറിയ മകളെയാണ് സർക്കാർ പരിഗണിക്കുന്നത്.

പിതാവായ മൻസൂർ അലി ഖാൻ പട്ടൗഡി ഒരു ഹോട്ടൽ ശൃംഖലയ്ക്ക് പാട്ടത്തിന് നൽകിയ കുടുംബത്തിൻ്റെ പട്ടൗഡി കൊട്ടാരം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് സെയ്ഫ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. “എൻ്റെ പിതാവ് അത് പാട്ടത്തിന് നൽകിയതാണ്. അവിടെ ഒരു ഹോട്ടൽ നടത്തിയിരുന്ന ഫ്രാൻസിസും അമനും സ്വത്ത് നന്നായി പരിപാലിച്ചു. എൻ്റെ അമ്മക്ക് (ശർമിള ടാഗോർ) അവിടെ ഒരു കോട്ടേജുണ്ട്. അവർ എപ്പോഴും അവിടെ വളരെ സുഖകരമായിരുന്നു.” സെയ്ഫ് പറഞ്ഞു.” “എനിക്ക് അത് തിരികെ വാങ്ങേണ്ട ആവശ്യമില്ല. കാരണം അത് എന്റെ ഉടമസ്ഥതയിലുള്ളത് തന്നെയാണ്.” 2021 ൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞു.

സെയ്ഫ് ഇപ്പോൾ കൊട്ടാരം ഒരു വേനൽക്കാല വസതിയായി ഉപയോഗിക്കുന്നു. മാത്രമല്ല പലപ്പോഴും സിനിമ ഷൂട്ടിംഗിനായി ഇത് പാട്ടത്തിന് നൽകുകയും ചെയ്യുന്നു. അടുത്തിടെ Housing.com-ന് നൽകിയ അഭിമുഖത്തിൽ, കൊട്ടാരത്തിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ ഉൾക്കാഴ്ചകൾ പങ്കുവെച്ച സഹോദരി സോഹ, അതിൻ്റെ ഉടമ സെയ്ഫാണെന്ന് സൂചിപ്പിച്ചു. തൻ്റെ മുത്തശ്ശി സാജിദ സുൽത്താൻ ഭോപ്പാലിലെ ബീഗമായിരുന്നുവെന്നും മുത്തച്ഛൻ പട്ടൗഡിയിലെ നവാബാണെന്നും സോഹ വെളിപ്പെടുത്തി. “പട്ടൗഡി കൊട്ടാരം തൻ്റെ ഫാദർ ഇൻ ലോയെ ആകർഷിക്കാൻ അദ്ദേഹം നിർമ്മിച്ചതാണ്. അവർക്ക് വിവാഹിതരാകാൻ വേണ്ടി 1935ലാണ് അദ്ദേഹം ഇത് നിർമ്മിച്ചത്.” സോഹ കൂട്ടിച്ചേർത്തു.