മൂത്തോനില്‍ നിവിന്‍ പോളിയെ നായകനാക്കിയതിന് പിന്നില്‍?; തുറന്നുപറഞ്ഞ് ഗീതു മോഹന്‍ദാസ്

മലയാളത്തിന്റെ യശസ്സുയര്‍ത്തി നിവിന്‍ പോളി ചിത്രം മൂത്തോന്‍ ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വെച്ചു നടന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മേളയില്‍ സംവിധായിക ഗീതു മോഹന്‍ദാസ് നിവിനെ ചിത്രത്തില്‍ നായനാക്കിത് പിന്നിലെ കാരണം വെളിപ്പെടുത്തുകയുണ്ടായി.

“മൂത്തോനിലെ കഥപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോട് കൂടിയ ഒരാളെയായിരുന്നു വേണ്ടിയിരുന്നത്. അത് നിവിനില്‍ കണ്ടു. അതാണ് നിവിനെ നായകനായി തിരഞ്ഞെടുക്കാന്‍ കാരണം. നിവിന് ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്നുറപ്പുണ്ടായിരുന്നു.”ഗീതു മോഹന്‍ദാസ് പറഞ്ഞു.

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിവിനൊപ്പം ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവര്‍ അഭിനയിക്കുന്നു. ലക്ഷദ്വീപും മുംബൈയുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.