ഞങ്ങള്‍ അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നു: നസ്രിയ

തന്റെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടെ സുന്ദരാനികി’ എന്ന സിനിമയ്ക്കുവേണ്ടി ഭാഷ പഠിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞ് നസ്രിയ. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി അഭിനയിക്കുന്നയാള്‍ തന്നെ ശബ്ദം കൊടുക്കണമെന്നാണ് തന്റെ നിലപാടെന്നും അതുകൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടിയാണെങ്കിലും തെലുങ്ക് പഠിച്ചെന്നും നസ്രിയ പറഞ്ഞു.

‘ഒരു കഥാപാത്രം പൂര്‍ണമാകണമെങ്കില്‍ അതിന് അഭിനയിക്കുന്നയാള്‍ തന്നെ ശബ്ദം കൊടുക്കണമെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ കുറച്ച് കഷ്ടപ്പെട്ടാലും വേണ്ടില്ല തെലുങ്കില്‍ ഡബ് ചെയ്യും എന്ന് ആദ്യം തന്നെ തീരുമാനിച്ചു.’

‘ഷൂട്ടിനു മുമ്പ് തന്നെ തിരക്കഥ വാങ്ങി പഠിച്ചു. തെലുങ്ക് പഠിപ്പിച്ചു തരാനായി ഒരാളുണ്ടായിരുന്നു. ആദ്യമൊക്കെ പാടായിരുന്നു. പിന്നീട് അതിനോട് ഇണങ്ങി. ഡയലോഗുകളുടെ അര്‍ഥം മനസ്സിലാക്കി ശരിയായി ഉച്ചരിക്കാന്‍ പഠിച്ചു.’

‘ഈ ചിത്രത്തിന്റെയും പുഷ്പയുടെടെയും ഷൂട്ട് ഹൈദരാബാദിലായിരുന്നു. അതിനാല്‍ ഫഹദിനൊപ്പമായിരുന്നു. ചില ദിവസങ്ങളില്‍ രണ്ടാള്‍ക്കും ഷൂട്ട് ഉണ്ടായിരുന്നു. തെലുങ്ക് പഠനമൊക്കെ ഒന്നിച്ചായിരുന്നു.’

‘ഞാന്‍ അണ്ടെ സുന്ദരാകിനിയുടെ തിരക്കഥ വായിച്ചും പറഞ്ഞും പഠിക്കുമ്പോള്‍ ഫഹദ് പുഷ്പയുടെ തിരക്കഥ എഴുതിയാണ് പഠിച്ചിരുന്നത്. അടുത്തടുത്തിരുന്ന് അരി പെറുക്കുകയായിരുന്നെന്ന് സാരം.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.

തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ടെന്‍ഷനൊക്കെ ഒരു പരിധി വരെ മാറ്റിയത് നാനിയാണെന്ന് നസ്രിയ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ ജാഡകളൊന്നുമില്ലാത്തയാളാണ് നാനിയെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും നസ്രിയ പറഞ്ഞു.