ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിലാണ് സമീര്‍ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സമീര്‍ താഹിറിനെ എന്‍ഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയിലായ കേസില്‍ സമീര്‍ താഹിറിനും പങ്കുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്ന് ആയിരുന്നു ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും 1.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതേ തുടര്‍ന്നാണ് സമീറിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഫ്‌ളാറ്റിലെ ലഹരി ഉപയോഗം തന്റെ അറിവോടെ അല്ലെന്ന് സമീര്‍ മൊഴി നല്‍കിയിട്ടുണ്ട്. സമീറിന്റെ ഫ്ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും പിടിയിലാകുമ്പോള്‍ സമീര്‍ താഹിര്‍ ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. ഖാലിദ് റഹ്‌മാന്റെയും, അഷ്റഫ് ഹംസയുടെയും വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം വ്യക്തമാക്കുന്നത്.

Read more

ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള്‍ വഴി ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഖാലിദ് റഹ്‌മാനോട് കഥ പറയാനെത്തിയ യുവാവാണ് എക്‌സൈസിന് ഫ്‌ളാറ്റിലെ ലഹരി ഉപയോഗത്തെ കുറിച്ച് വിവരം നല്‍കിയതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.