രഞ്ജിത്ത് മാനസികനില പരിശോധിക്കുന്നത് നല്ലതായിരിക്കും: വിനയൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ രംഗത്ത്. രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും മന്ത്രി സജി ചെറിയാൻ കയറൂരിവിട്ടതുകൊണ്ടാണ് രഞ്ജിത്ത് ഇങ്ങനെയൊക്കെ പറയുന്നത് എന്നുമാണ് വിനയൻ പറയുന്നത്. അരവിന്ദനെ പോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ കരുണിനെ പോലെ 100 ദിവസം ഓടാത്ത സിനിമയെടുക്കുന്നവർ പരിഹസിക്കപ്പെടേണ്ടവർ ആണോയൊന്നും വിനയൻ ചോദിക്കുന്നു.

“എന്റെ ആരോപണം സാംസ്കാരിക  വകുപ്പ് മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടാണ് കയറൂരിവിട്ടത് പോലെ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഡോ. ബിജു ആള് കേറാത്ത സിനിമയുടെ സംവിധായകനാണെന്ന് രഞ്ജിത്ത് പറയുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് സാംസ്കാരിക വകുപ്പ് മന്ത്രിയോടാണ്. രഞ്ജിത്തിനോട് ഞാൻ ചോദിക്കാനില്ല. അയാൾ മറുപടി പറയില്ല. ബഹുമാനപ്പെട്ട മന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത്, അരവിന്ദനെ പോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ ഷാജി എൻ കരുണിനെ പോലെ 100 ദിവസമൊന്നും ഓടാത്ത പടമെടുക്കുന്നവർ ഇങ്ങനെ പരിഹസിക്കപ്പെടേണ്ടവരാണോ? മന്ത്രി മറുപടി പറയണം.

ഈ രാഷ്ട്രീയക്കാർ പരസ്പരം പറയുന്ന ഒരു വലിയ ഡയലോഗുണ്ട്, മാനസിക നില പരിശോധിക്കണമെന്ന്. ഇദ്ദേഹത്തോട് പറയുകയാണ് ഒന്ന് മാനസിക നില പരിശോധിക്കുന്നത് നല്ലതാണ്. പുള്ളിക്ക് വിദ്വേഷമുള്ള, ഇഷ്ടപ്പെടാത്ത വ്യക്തികളെ അധിക്ഷേപിക്കാനാണോ ഈ സ്ഥാനം ഉപയോഗിക്കേണ്ടത്? ഒരു മന്ത്രി ഇതിന് ഉത്തരം പറയണം.

അവാർഡിൽ ഇടപെട്ടു എന്ന വ്യക്തമായ തെളിവ് നൽകിയിട്ട് അങ്ങനെയൊന്നും അദ്ദേഹം ചെയ്യില്ല, ഇതിഹാസമാണ് അയാൾ എന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ ആണ് ഇപ്പോഴത്തെ ഈ സ്ഥിതിക്ക് ഉത്തരവദി എന്നാണ് എന്റെ അഭിപ്രായം.” മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് വിനയൻ രഞ്ജിത്തിനെതിരെ രംഗത്തുവന്നത്.

പതിനഞ്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒമ്പത് പേരാണ് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം നടക്കുന്ന സമയത്ത് തന്നെ രഞ്ജിത്തിനെതിരെ സമാന്തര യോഗം ചേര്‍ന്നത്. കുക്കുപരമേശ്വരന്‍, നടന്‍ ജോബി, നിര്‍മാതാവ് മമ്മി സെഞ്ച്വറി എന്നിവരുള്‍പ്പെടെയുള്ളവരാണ് സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.

രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇനി നിലനിര്‍ത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയാണ് രഞ്ജിത്ത്. ആരെയും വിശ്വാസത്തിലെടുക്കാതെ ഏകാധിപത്യ രീതിയിലാണ് ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നതെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ചെയര്‍മാനായ രഞ്ജിത്തിന്റെ തൊട്ടടുത്ത മുറിയിലാണ് സമാന്തര യോഗം ചേര്‍ന്നത്. സി പി എം ഇടതു കേന്ദ്രങ്ങളില്‍ നിന്ന് തന്നെ രഞ്ജിത്തിനെതിരെ പല എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സംവിധായകന്‍ ഡോ. ബിജുവിനെതിരെ രഞ്ജിത്ത് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വലിയ വിവാദം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു

ഇതേ തുടര്‍ന്ന് സാസംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഇടപെടുകയും താന്‍ ഇക്കാര്യത്തെക്കുറിച്ച് രഞ്ജിത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പിറ്റേ ദിവസമാണ് പതിനഞ്ചംഗ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒമ്പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടത്.

“അതേസമയം പരാതി നൽകിയവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അക്കാദമിയിൽ കൂടെയുള്ളവർ പറയട്ടെ താൻ ഏകാധിപതിയാണോ എന്നുമാണ് രഞ്ജിത്ത് ചോദിക്കുന്നത്.
പരാതി കൊടുത്തവർക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. പരാതികൾ സർക്കാർ പരിശോധിക്കട്ടെ, മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ പടിയിറങ്ങാൻ തയ്യാറാണ്, ഞാൻ ഏകാധിപതിയാണോ എന്ന് അക്കാദമി വൈസ് ചെയർമാനും സെക്രട്ടറിയും പറയട്ടെ.

അംഗങ്ങൾ സർക്കാരിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നമുക്കൊരു സാംസ്‌കാരിക വകുപ്പുണ്ട്, അതിനൊരു മന്ത്രിയുണ്ട്, അതിനും മുകളിൽ മുഖ്യമന്ത്രിയുമുണ്ട്. അവരത് പരിശോധിക്കുക തന്നെ ചെയ്യും. പരാതിയിൽ വളരെ പ്രാധാന്യം അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഞാനുമായും തീർച്ചയായും ബന്ധപ്പെട്ടിരിക്കും” എന്നാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്.