നേരിട്ടു വിളിച്ചും, മെസേജുകള്‍ അയച്ചും, ഭാഷാഭേദമന്യേ പ്രമുഖരടക്കം അന്ന് സര്‍ബത്ത് ഏറ്റെടുത്തു: സൂരജ് ടോം പറയുന്നു

ക്വാറന്റൈനില്‍ കഴിയുന്നതിന്റെ പ്രധാന്യം വ്യക്തമാക്കി എത്തിയ “സര്‍ബത്ത്” ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം. സംവിധായകന്‍ സൂരജ് ടോം സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയാണ് കേന്ദ്ര കഥാപാത്രമായത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും എത്തിയ ഷോര്‍ട്ട് ഫിലിമിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സര്‍ബത്ത് റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ സൂരജ് ടോം. ഷോര്‍ട്ട് ഫിലിം ഒരുക്കാനായി തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞു കൊണ്ടാണ് സൂരജ് ടോമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സൂരജ് ടോമിന്റെ കുറിപ്പ്:

ഇന്ന് ജൂണ്‍ 5. സര്‍ബത്ത് എന്ന ഞങ്ങളുടെ ഹ്രസ്വചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വളരെ വലിയ സ്വീകാര്യതയായിരുന്നു എല്ലാവരും ഞങ്ങള്‍ക്ക് നല്‍കിയത്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്കും സര്‍ബത്ത് ഒരുക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. എല്ലാ ഭാഷകളിലും വലിയ തോതിലുള്ള സെലിബ്രിറ്റി സപ്പോര്‍ട്ടോട് കൂടി റിലീസ് ചെയ്ത കേവലം അഞ്ച് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ചെറുചിത്രം ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് വളരെ പെട്ടെന്ന് എത്തിപ്പെടുകയുണ്ടായി.

നേരിട്ടു വിളിച്ചഭിപ്രായമറിയിച്ചും, മെസ്സേജുകളയച്ചും, ഷെയര്‍ ചെയ്തുമൊക്കെ ഭാഷാഭേദമെന്യേ പ്രമുഖരടക്കം നിരവധി ആളുകള്‍ അന്ന് സര്‍ബത്ത് ഏറ്റെടുത്തു. അതിനും പുറമേ പിന്നീടുള്ള നാളുകളില്‍ നിരവധി പുരസ്‌കാരങ്ങളും സര്‍ബത്തിനെ തേടിയെത്തി. ഒരു ഷോര്‍ട്ട് ഫിലിമിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളായ് ഇവയെയെല്ലാം ഞാന്‍ കാണുന്നു.

ഒന്നാം ലോക്ഡൗണിന്റെ പരിമിതിയില്‍ നിന്നു കൊണ്ടാണ് അന്ന് ഞങ്ങള്‍ സര്‍ബത്ത് ഒരുക്കിയത്. നന്ദിയോടെ ഓര്‍ക്കുവാന്‍ ഏറെപ്പേരുണ്ട്. ആദ്യമായ് ഓര്‍ക്കേണ്ടത് ഈ ആശയം എന്നോട് പങ്കു വച്ച സുഹൃത്തും, സര്‍ബത്തിന്റെ രചയിതാവുമായ വിവേക് മോഹനെയാണ്. ഒരുമിച്ച് ധാരാളം പരസ്യചിത്രങ്ങള്‍ ഒരുക്കിയ ബന്ധമുണ്ട് ഞങ്ങള്‍ക്കിടയില്‍.

പിന്നെ, ശബ്ദം കൊണ്ടും രൂപം കൊണ്ടും സര്‍ബത്തില്‍ നിറഞ്ഞു നിന്ന ഞങ്ങളുടെ നടന്‍, പ്രിയപ്പെട്ട ബാദുക്ക, നിര്‍മ്മാണത്തില്‍ എന്റെയൊപ്പം പങ്കാളിയായ ടീം മീഡിയ പ്രൊഡക്ഷന്‍സ് സാരഥി സാഗര്‍ അയ്യപ്പന്‍. സാഗര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്.

വളരെ മനോഹരമായി സൗണ്ട് ഡിസൈന്‍ ചെയ്ത മനോജ് മാത്യു, ഹൃദയത്തില്‍ തട്ടുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ് മധുസൂദനന്‍, എഡിറ്റര്‍ രാജേഷ് കോടോത്ത്, അസോസിയേറ്റ് ഡയറക്ടറായ് തോളോട് തോള്‍ ചേര്‍ന്ന് നിന്ന രതീഷ് എസ്, കലാസംവിധാനം ഒരുക്കിയ അഖില്‍ കുമ്പിടി, സിനി സ്‌പേസ് ഗിരീഷ് കൊടുങ്ങല്ലൂര്‍, പിന്നെ വിവിധ ഭാഷകളില്‍ ശബ്ദം നല്‍കിയവര്‍, പോസ്റ്റര്‍ ഒരുക്കിയ പാസിയോ അഡ്വര്‍ടൈസിംഗിലെ മിഥുന്‍ മുരളീധരന്‍, മറ്റെല്ലാ ക്രൂ മെംമ്പേര്‍ഴ്‌സ്, മീഡിയ, സെലിബ്രിറ്റീസ്, പി.ആര്‍.ഒ വര്‍ക്ക് ചെയ്ത പി. ആര്‍. സുമേരന്‍, നിങ്ങളോരോരുത്തരും അങ്ങനെ ഒരുപാട് ഒരുപാട് പേര്‍….

പിന്നെ, സര്‍ബത്തിന്റെ ഇത്രയും വലിയൊരു ലോഞ്ചിങ്ങിന് കളമൊരുക്കിയ മലയാളത്തിലെ ഏറ്റവും തിരക്കേറിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറും, നിര്‍മ്മാതാവുമായ ബാദുക്കയ്ക്കും, ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തും, ഫിലിം മേക്കറുമായ സ്ലീബച്ചേട്ടനും നന്ദി… നന്ദി… നന്ദി. ഒരായിരം നന്ദി.