'ഭ്രമയുഗ'ത്തിലൂടെ മമ്മൂട്ടിയുടെ മാജിക് കാണാൻ കാത്തിരിക്കുന്നു; പ്രശംസകളുമായി ലിംഗുസാമി

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആന്റ് വൈറ്റിൽ പുറത്തിറങ്ങുന്ന ചിത്രം ഹൊറർ- ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 15 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. 27 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ ബഡ്ജറ്റ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലർ കണ്ട് സിനിമയെയും മമ്മൂട്ടിയെയും പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ എൻ. ലിംഗുസാമി. ചിത്രത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ കാത്തിരിക്കുന്നുവെന്നാണ് ലിംഗുസാമി പറയുന്നത്.

“ഒരുപാട് ചിത്രങ്ങൾ ചെയ്തതിന് ശേഷവും ഇത്രയും വ്യത്യസ്ത മമ്മൂട്ടി സാറിന് എങ്ങനെ കൊണ്ടുവരാൻ സാധിക്കുന്നുവെന്നത് ആശ്ചര്യമുളവാക്കുന്നു. ഭ്രമയു​ഗത്തിലൂടെ മമ്മൂട്ടി സൃഷ്ടിക്കാൻ പോകുന്ന മാജിക് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” എന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവെച്ചുകൊണ്ട് എക്സിൽ ലിംഗുസാമി കുറിച്ചത്.

മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമൽഡ ലിസും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് ആയതുകൊണ്ട് തന്നെ ആഖ്യാനത്തിലും മറ്റും ഒരു പരീക്ഷണത്തിനായാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. ‘റെഡ് റൈൻ’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകൾ നേടിയിരുന്നു. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.