'പ്രേമം ഓഡിഷനില്‍ പുറത്തായി, പിന്നീട് അഭിനയിച്ച ചിത്രത്തില്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്'

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് 2015-ല്‍ റിലീസ് ചെയ്ത് വന്‍വിജയം നേടിയ ചിത്രമാണ് പ്രേമം. നിവിന്‍ പോളി നായകനായ സിനിമയില്‍ സായ് പല്ലവി, മഡോണ സെബാസ്റ്റ്യന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് നായികമാരായി എത്തിയത്. എന്നാല്‍ ഈ സിനിമയിലേക്ക് ഓഡിഷന് എത്തി പുറത്തായ വ്യക്തി, പിന്നീട് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍.

“പ്രേമം സിനിമയില്‍ ഓഡിഷന് വന്ന് പരാജയപ്പെട്ട പെണ്‍കുട്ടി പിന്നീട് മറ്റൊരു ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. നടിയുടെ പേര് പറയുന്നില്ല. അവരെ അഞ്ചോ ആറോ തവണ ഓഡിഷന്‍ നടത്തി. എന്നാല്‍ എല്ലാത്തിലും അവര്‍ പരാജയപ്പെട്ടു. ചിലപ്പോള്‍ പേടി കൊണ്ടോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം പരാജയപ്പെട്ടത്.” കരിക്ക് യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ ദിനേശ് പറഞ്ഞു.

നടിയാരാണെന്ന് ദിനേശ് പറഞ്ഞില്ലെങ്കിലും മൂന്ന് നടിമാരാണ് പ്രേമത്തിന് ശേഷം സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ളത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് 2016- ല്‍ രജിഷ വിജയനും ടേക്ക് ഓഫിലെ അഭിനയത്തിന് 2017- ല്‍ പാര്‍വതിയും ചോലയിലെ പ്രകടനത്തിന് 2018 ല്‍- നിമിഷ സജയനുമാണ് സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ളത്.