ഞാന്‍ സിനിമയില്‍ വരണമെന്ന് അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ മെന്ററൊക്കെ ഏട്ടനാണ്: ധ്യാന്‍ ശ്രീനിവാസന്‍

തനിക്ക് തന്റെ അച്ഛന്റെ സ്ഥാനത്താണ് ചേട്ടന്‍ വിനീത് ശ്രീനിവാസനെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛനായ ശ്രീനിവാസന്‍ ചെയ്യാത്ത പല കാര്യങ്ങളും തനിക്ക് വേണ്ടി ചെയ്ത് തന്നത് വിനീതാണെന്നും ധ്യാന്‍ പറയുന്നു.

സിനിമയിലേക്ക് കൊണ്ടുവന്നത് പോലും അച്ഛനല്ല, അച്ഛന്‍ താന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ധ്യാനിന്റെ വാക്കുകള്‍

അച്ഛന്‍ വീട്ടില്‍ നിന്ന് പോയപ്പോള്‍ ഞാന്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. ലോഡ്ജില്‍ ആയിരുന്നു താമസം. ഇത് ചേട്ടന് അറിയാമായിരുന്നു. എന്റെ അടുത്ത രണ്ടു സുഹൃത്തുക്കള്‍ വഴി ചേട്ടന്‍ ചേട്ടന്‍ എന്നെ സഹായിക്കുന്നുണ്ടായിരുന്നു. ഇവന്മാര്‍ ചേട്ടന്‍ കൊടുക്കുന്ന പൈസ മുക്കിയിട്ടാണ് എനിക്ക് തന്നിരുന്നത്,’

ഞാന്‍ അറിയണ്ട എന്ന് പറഞ്ഞാണ് ചേട്ടന്‍ പൈസ കൊടുത്തിരുന്നത്. പിന്നെ ഒരു ദിവസം ചേട്ടന്‍ തന്നെ വന്ന് എന്നെ ലോഡ്ജില്‍ നിന്ന് കൂട്ടികൊണ്ടു പോവുകയായിരുന്നു. കാരണം ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ചേട്ടനാണ് എന്നെ പ്രൊട്ടക്ട് ചെയ്തത്,’

‘കല്യാണത്തിന് മുന്നേ വരെ ഞാന്‍ ചേട്ടന്റെ അടുത്താണ് താമസിച്ചത്. അച്ഛന്‍ ചെയ്യാത്ത കാര്യങ്ങളൊക്കെ എനിക്ക് വേണ്ടി ചെയ്ത് തന്നത് ചേട്ടനാണ്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അല്ലാതെ അച്ഛനല്ല. ഞാന്‍ സിനിമയില്‍ വരണമെന്ന് അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.