സൗജന്യ പാസ് കിട്ടിയത് കീരവാണിക്കും ചന്ദ്രബോസിനും മാത്രം; ഓസ്‌കറില്‍ പങ്കെടുക്കാന്‍ രാജമൗലിയ്ക്കും സംഘത്തിനും മുടക്കേണ്ടി വന്നത് ലക്ഷങ്ങള്‍

‘ആര്‍ ആര്‍ ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ എത്തിയ ഓസ്‌കാര്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍, സദസ്സില്‍ സംവിധായകന്‍ എസ് എസ് രാജമൗലി, നായകന്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം സന്നിഹിതരായിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും സൗജന്യ പാസ് ലഭിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എം എം കീരവാണിക്കും ചന്ദ്രബോസിനും മാത്രമാണ് സൗജന്യ പാസ് ലഭിച്ചത്. രാജമൗലിയും രാം ചരണും ജൂനിയര്‍ എന്‍ ടി ആറും ബാക്കിയുള്ളവരും ടിക്കറ്റ് എടുത്താണ് ചടങ്ങില്‍ പങ്കെടുത്തത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌കാര്‍ ചടങ്ങിലേക്ക് ഒരു ടിക്കറ്റിന്റെ വില 25,000 യു എസ് ഡോളറാണ്, ഏകദേശം ഇന്ത്യന്‍ രൂപ 20.6 ലക്ഷം വരും ഈ തുക. അക്കാദമി അവാര്‍ഡ് ഭാരവാഹികള്‍ പറയുന്നതനുസരിച്ച് അവാര്‍ഡ് നോമിനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമാണ് സൗജന്യ പാസ് ലഭിക്കുകയുള്ളു.

മറ്റുള്ളവര്‍ക്ക് ചടങ്ങ് ടിക്കറ്റ് എടുത്ത് കാണാനാകും രാജമൗലിയ്‌ക്കൊപ്പം ഭാര്യ രമയും മകന്‍ എസ് എസ് കാര്‍ത്തികേയയും ചടങ്ങിലുണ്ടായിരുന്നു. രാം ചരണ്‍ ഭാര്യ ഉപാസന കാമിനയോടൊപ്പവും ജൂനിയര്‍ എന്‍ ടി ആര്‍ ഒറ്റയ്ക്കുമാണ് ഓസ്‌കര്‍ ചടങ്ങില്‍ ഭാഗമായത്.