പ്രണയം നഷ്ടമായവന്റെ മുഖമാണ് എനിക്ക്, ശരിക്കും ഹൃദയം തകര്‍ന്ന ഒരാളുടെ മുഖം..: ധനുഷ്

തനിക്ക് പ്രണയം നഷ്ടമായവന്റെ മുഖമാണെന്ന് നടി കൃതി സനോന്‍ പറഞ്ഞതായി നടന്‍ ധനുഷ്. ‘തേരെ ഇഷ്‌ക് മേന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ധനുഷ് സംസാരിച്ചത്. തന്റെ മുഖം അങ്ങനെയാണോ എന്നറിയാന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ണാടിയില്‍ നോക്കി. അത് താന്‍ അഭിനന്ദനമായാണ് കാണുന്നത് എന്നാണ് ധനുഷ് പറയുന്നത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേന്‍. ‘അത്രങ്കി രേ’, ‘രാഞ്ജന’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആനന്ദും ധനുഷും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

”ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങള്‍ക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങള്‍ക്കായി വിളിക്കുന്നതെന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോള്‍ കൃതിയാണോ ആനന്ദാണോ എന്നെനിക്ക് കൃത്യമായി ഓര്‍മയില്ല, പ്രണയ പരാജയമുള്ള ഒരാളുടെ മുഖമാണ് നിങ്ങള്‍ക്കെന്ന് എന്നോട് പറഞ്ഞു.”

”അന്ന് വീട്ടില്‍ എത്തിയപ്പോള്‍ കണ്ണാടിയില്‍ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാന്‍. ഇതൊരു അഭിനന്ദനമായി ഞാന്‍ കാണുന്നു” എന്നാണ് ധനുഷ് പറഞ്ഞത്. ഇതിനിടെ ”നിങ്ങള്‍ക്ക് ശരിക്കും ഹൃദയം തകര്‍ന്ന ഒരാളുടെ മുഖമാണ്” എന്ന് കൃതി തമാശരൂപേണ ധനുഷിനോട് പറയുന്നുണ്ട്. അതേസമയം, തന്റെ കഥാപാത്രത്തെ കുറിച്ചും ധനുഷ് സംസാരിക്കുന്നുണ്ട്.

Read more

”സത്യസന്ധമായി പറയുകയാണെങ്കില്‍ അത് വളരെയധികം വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു രാഞ്ജനയിലെ ആയാലും ഇത് ആയാലും. രാഞ്ജനയിലെ കുന്ദനെ ചിലപ്പോള്‍ ഇഷ്ടപ്പെടാന്‍ കുറച്ച് പാടായിരിക്കും. പക്ഷേ ശങ്കറിനെ പെട്ടെന്ന് ഇഷ്ടപ്പെടും. പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചാലഞ്ചുകളുണ്ടെന്നും അതേക്കുറിച്ച് തനിക്കിപ്പോള്‍ കൂടുതലായൊന്നും പറയാന്‍ കഴിയില്ല” എന്നാണ് ധനുഷിന്റെ വാക്കുകള്‍.