'സിനിമയില്‍ ഉദ്ദേശിച്ച വളര്‍ച്ച എനിക്കുണ്ടായിട്ടില്ല, അക്കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്'

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ, സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. എന്നാല്‍ സിനിമയില്‍ ഉദ്ദേശിച്ച വളര്‍ച്ച തനിക്കുണ്ടാക്കാനായിട്ടില്ലെന്നാണ് ദീപ്തി പറയുന്നത്.

“സിനിമയില്‍ ഉദ്ദേശിച്ച വളര്‍ച്ച എനിക്കുണ്ടായിട്ടില്ല. അതിനായി പരിശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്. എത്ര സിനിമകള്‍ ലഭിച്ചാലും ഇനിയും ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അഭിനയിച്ച സിനിമ തിയേറ്ററില്‍നിന്ന് കാണുമ്പോള്‍ പലയിടങ്ങളിലും അഭിനയം മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്. നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി വരും എന്ന ഉറപ്പുണ്ട്.”

“കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുന്‍ഗണന. ടോം ബോയ് ലുക്കുള്ള, മുടി മുറിച്ച് ബൈക്ക് ഓടിക്കുന്ന തരം കഥാപാത്രങ്ങളാണ് തേടിയെത്തിയതില്‍ ഭൂരിഭാഗവും. “നീന”യില്‍ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാകിലല്ലോ. അതുകൊണ്ട് അവയെല്ലാം നിരാകരിച്ചു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദീപ്തി പറഞ്ഞു.