ദുൽഖർ ഇല്ലായിരുന്നെങ്കിൽ 'ലോക' ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു, അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്: നിമിഷ് രവി

ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ലോക ചാപ്റ്റർ 1 ചന്ദ്ര സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫാന്റസി സൂപ്പർഹീറോ ചിത്രമായി ഒരുക്കിയ ലോക മികച്ച സിനിമാനുഭവമാണ് നൽകുന്നതെന്നാണ് മിക്കവരുടെയും അഭിപ്രായം. കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ‍ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് സിനിമയുടെ നിർമ്മാണം. ദുൽഖർ ഇല്ലായിരുന്നുവെങ്കിൽ ‘ലോക’ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയിലായിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ ഛായാ​ഗ്രാഹകൻ നിമിഷ് രവി.

ദുൽഖറാണ് ഈ സിനിമയുടെ നട്ടെല്ലെന്നും കഥയിൽ മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും നിമിഷ് പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിമിഷ് രവി സംസാരിച്ചത്. ‘ദുൽഖറിന്റെ അടുത്ത് ഈ കഥയുടെ ഐഡിയ പോയി പറയാൻ എനിക്ക് പേടിയായിരുന്നു. ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു. അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്, അന്ന് ഈ സിനിമയുടെ കാസ്റ്റ് ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയിൽ മാത്രമാണ് ദുൽഖർ വിശ്വസിച്ചത്, വേറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല’, നിമിഷ് പറഞ്ഞു.

Read more

ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന ലോകയ്ക്ക് ജേക്ക്സ് ബിജോയ് ആണ് സം​ഗീതം നിർവഹിച്ചിരിക്കുന്നത്. സാൻഡി, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.