അധികാര രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോഴും ഭ്രമയുഗം ഒരു പൊളിറ്റിക്കൽ സിനിമയാണ്: രാഹുൽ സദാശിവൻ

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായും ഭ്രമയുഗത്തെ നിരൂപകരും പ്രേക്ഷകരും ഒന്നടങ്കം വിലയിരുത്തുന്നുണ്ട്.

മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും ഗംഭീര പ്രകടങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് സിനിമ. മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും സിനിമ ചർച്ച ചെയ്യുന്നു. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്. ഇപ്പോഴിതാ ചിത്രമൊരു പൊളിറ്റിക്കൽ സിനിമ കൂടിയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ.

അധികാര രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു എന്ന് പറയുമ്പോള്‍ ഭ്രമയുഗം ഒരു പൊളിറ്റിക്കല്‍ സിനിമ കൂടിയാണ്. എന്നാൽ ഫോര്‍മാറ്റിലേക്ക് വരുമ്പോൾ ഇതൊരു ഹൊറർ സിനിമയാണെന്നും രാഹുൽ സദാശിവൻ പറയുന്നു.

ഭൂതകാലം എന്ന സിനിമയിൽ മാനസിക ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് സംസാരിച്ച പോലെ ഭ്രമയുഗത്തിലെ ചെറിയൊരു എലമെന്റ് മാത്രമാണ് അഴിമതിയും അധികാരവും. അധികാരമുണ്ടെങ്കില്‍ അവിടെ അഴിമതിയും ഉണ്ടാകും. അത് സിനിമയില്‍ ഒരു അണ്ടര്‍ലൈങ് എലമെന്റ് മാത്രമാണ് എന്നും രാഹുൽ സദാശിവൻ പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ സദാശിവൻ ചിത്രത്തെ കുറിച്ച് സംസാരിച്ചത്.